പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി വന്നു; രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്ത് റാന്നി പോലീസ്; 5.2 ഗ്രാം പിടികൂടി

എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ റാന്നിയില്‍ അറസ്റ്റില്‍

Update: 2026-03-25 14:41 GMT

റാന്നി: വിപണനത്തിനായി എത്തിച്ച 5.2ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പോലീസിന്റെ പിടിയിലായി. ചെങ്ങന്നൂര്‍ മുളക്കുഴ പെരിങ്ങാല വെട്ടില്‍ പടിഞ്ഞാറേതില്‍ ജിത്തു രാജ് (25), മോടികിഴക്കേതില്‍ ആദിത്യന്‍ അഭിലാഷ് (21) എന്നിവരാണ് അറസ്റ്റിലായത്. ജിത്തുരാജ് പന്തളം പോലീസ് സ്റ്റേഷനിലെ വധശ്രമക്കേസിലും കഞ്ചാവ് കൈവശം വച്ചതിന് ചെങ്ങന്നൂര്‍ എക്സൈസ് രജിസ്റ്റര്‍ ചെയ്ത കേസിലും പ്രതിയാണ്.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് ലഹരി വിപണനം തടയുന്നതിന് വേണ്ടി ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി കെ.എസ്. പ്രകാശിന്റെ നേതൃത്വത്തില്‍ ജില്ലാ ഡാന്‍സാഫ് എസ്.ഐമാരായ ഉണ്ണികൃഷ്ണന്‍, അജികുമാര്‍, അംഗങ്ങളായ മിഥുന്‍ ജോസ്, ബിനു, സുജിത്കുമാര്‍, ഷെഫീഖ്, ജിതിന്‍, വിമല്‍, ശ്രീരാജ് എന്നിവര്‍ ദിവസങ്ങളായി പ്രതികളെ നിരീക്ഷിച്ചു വരികയായിരുന്നു.

ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഇവരെ പുതമണില്‍ വച്ച് ജില്ലാ ഡാന്‍സാഫ് ടീമും റാന്നി ഇന്‍സ്പെക്ടര്‍ പ്രജീഷ് ശശി, എസ്ഐ ബി.എസ്. ബിജു, അജാസ് സിപിഓമാരായ രാജിത്ത്, ബിബി, പ്രസാദ് എന്നിവരും അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജില്ലയിലുടനീളം വരും ദിവസങ്ങളിലും പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.


Tags:    

Similar News