'സതീശന്‍ ഭാണ്ഡം മുറുക്കിക്കോ, വനവാസത്തിന് സമയമായി'; 100 സീറ്റ് വെല്ലുവിളിയില്‍ പ്രതിപക്ഷ നേതാവിനെ പരിഹസിച്ച് ബിനോയ് വിശ്വം

Update: 2026-03-25 08:34 GMT

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നൂറ് സീറ്റിലധികം ലഭിച്ചില്ലെങ്കില്‍ രാഷ്ട്രീയം അവസാനിപ്പിച്ച് വനവാസത്തിന് പോകുമെന്ന വാക്ക് പാലിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തയ്യാറെടുക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വനവാസത്തിന് പോകാനായി കൂടുംകുടുക്കയും തയ്യാറാക്കി ഭാണ്ഡം കെട്ടിവെക്കുന്നത് സതീശന് നന്നാകുമെന്നും അദ്ദേഹം പരിഹസിച്ചു.

നൂറ് സീറ്റ് പോയിട്ട് അതിന്റെ പരിസരത്ത് പോലും യുഡിഎഫ് എത്തില്ലെന്ന് ബിനോയ് വിശ്വം അവകാശപ്പെട്ടു. കേരളത്തില്‍ നിലവില്‍ എല്‍ഡിഎഫ് അനുകൂല കാറ്റാണ് വീശുന്നത്. വികസനത്തുടര്‍ച്ച ആഗ്രഹിക്കുന്ന ജനങ്ങള്‍ എല്‍ഡിഎഫിന് മൂന്നാമൂഴം നല്‍കുമെന്ന് ഉറപ്പാണ്. എല്‍ഡിഎഫ്-ബിജെപി ഡീല്‍ എന്ന യുഡിഎഫിന്റെ ആരോപണം പച്ചക്കള്ളമാണെന്നും ചരിത്രമറിയുന്ന ഒരാളും അത് വിശ്വസിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫിന് നൂറ് സീറ്റ് ലഭിച്ചില്ലെങ്കില്‍ വനവാസത്തിന് പോകുമെന്ന് നേരത്തെ പലകുറി ആവര്‍ത്തിച്ച വി.ഡി. സതീശന്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ നിലപാടില്‍ മാറ്റം വരുത്തിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും 'തിളക്കമാര്‍ന്ന ജയം' നേടിയില്ലെങ്കില്‍ വനവാസമെന്നാണ് ഉദ്ദേശിച്ചതെന്നുമാണ് സതീശന്റെ പുതിയ വിശദീകരണം. തോല്‍വി ഭയന്നാണ് സതീശന്‍ വാക്കുകളില്‍ നിന്ന് പിന്നോക്കം പോകുന്നതെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി.

Similar News