നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചു; 22കാരിയുടെ നെഞ്ചിനും വലതു കാല്‍മുട്ടിനും വാരിയെല്ലിനും ഗുരുതര പരുക്ക്: ഭര്‍ത്താവ് അറസ്റ്റില്‍
നവവധുവിന് ക്രൂരമർദനം; ഭർത്താവ് അറസ്റ്റിൽ
കഴക്കൂട്ടം: നവവധുവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെ പോലിസ് അറസ്റ്റ് ചെയ്തു. 22കാരിയെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചെന്ന കേസില്‍ ചെമ്പഴന്തി അണിയൂര്‍ കീരിക്കുഴിയില്‍ ജലീല്‍ മന്‍സിലില്‍ ആസിഫിനെയാണ്(28) കഴക്കൂട്ടം പോലിസ് അറസ്റ്റ് ചെയ്തത്. ചെങ്കോട്ടുകോണം ഷംനാദ് മന്‍സിലില്‍ അറഫാ നജുമുദീനാണ് ഭര്‍ത്താവില്‍ നിന്നും ക്രൂരമര്‍ദനം ഏല്‍ക്കേണ്ടി വന്നത്. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലായണ്.
ഇക്കഴിഞ്ഞ ജനുവരി 25നാണ് ആസിഫും അറഫയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് രണ്ട് ആഴ്ച തികയുംമുന്‍പ് അറഫയെ അകാരണമായി മര്‍ദിച്ചെന്നാണു ബന്ധുക്കളുടെ പരാതി. കഴിഞ്ഞ 17ന് അറഫ മൊബൈല്‍ ഫോണില്‍ മാതാവിന്റെ സഹോദരിയെ വിളിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ ആസിഫ് മുഖത്ത് അടിക്കുകയും മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി. തുടര്‍ന്ന് കുപ്പികൊണ്ട് നെഞ്ചിലും വാരിയെല്ലിലും അടിച്ചെന്നും പരാതിയുണ്ട്. അറഫയുടെ വാരിയെല്ലിനും നെഞ്ചിനും വലതു കാല്‍മുട്ടിനും ഗുരുതര പരുക്കുണ്ട്. ആസിഫിനെ കോടതിയില്‍ ഹാജരാക്കി.