അര്‍ജന്റീനക്കാരിയുടെ ബാഗില്‍ നിന്നും 1600 ഡോളര്‍ മോഷ്ടിച്ചു; ഹൗസ്‌ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

അര്‍ജന്റീനക്കാരിയുടെ 1600 ഡോളര്‍ മോഷ്ടിച്ചു; ഹൗസ്‌ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

Update: 2026-03-26 04:27 GMT

കുട്ടനാട്: വിനോദസഞ്ചാരത്തിനായി ആലപ്പുഴയിലെത്തിയ അര്‍ജന്റീനിയന്‍ സ്വദേശിനിയുടെ ബാഗില്‍നിന്നു പണം മോഷ്ടിച്ച പുരവഞ്ചി ജീവനക്കാരന്‍ അറസ്റ്റില്‍. തകഴി ചിറയകം മുട്ടുങ്കല്‍ വീട്ടില്‍ കെ. അഭിലാഷിനെയാണ് (40) നെടുമുടി പോലീസ് അറസ്റ്റുചെയ്തത്. ഹൗസ്‌ബോട്ടിലെ മുറിയില്‍ സൂക്ഷിച്ചിരുന്ന 1600 ഡോളറാണ് ജീവനക്കാരനായ അഭിലാഷ് മോഷ്ടിച്ചത്. ബോട്ടിലെ സി.സി.ടി.വി. ക്യാമറ ഓഫാക്കിയ ശേഷമാണ് മോഷണംനടത്തിയത്.

ചമ്പക്കുളത്തെ റിസോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഹൗസ്‌ബോട്ടിലാണ് വിദേശവനിത താമസിച്ചിരുന്നത്. അര്‍ജന്റീനയില്‍നിന്നുള്ള 15 അംഗ സംഘത്തിലെ അംഗമായിരുന്നു ഇവര്‍. 21നു വൈകീട്ട് പുരവഞ്ചി നിര്‍ത്തിയിട്ടശേഷം വിദേശികള്‍ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ പോയ സമയത്താണ് മോഷണം നടന്നത്. ഹൗസ്‌ബോട്ട് ജീവനക്കാരനായ അഭിലാഷ് ഇവര്‍ താമസിച്ചിരുന്ന മുറിതുറന്ന് ബാഗില്‍നിന്നു പണം മോഷ്ടിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു.

പണം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് നെടുമുടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന്റെയടിസ്ഥാനത്തില്‍ ബോട്ടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരെയും പോലീസ് ചോദ്യംചെയ്തു. ഇതോടെയാണ് അഭിലാഷാണ് മോഷണംനടത്തിയതെന്നു പോലീസ് മനസ്സിലാക്കിയത്. മോഷ്ടിച്ചശേഷം ഒളിപ്പിച്ചുവെച്ച പണം പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.

അമ്പലപ്പുഴ ഡിവൈ.എസ്.പി. കെ. രാജേഷ്, നെടുമുടി സി.ഐ. എം.എ. ബിനോയ്, ഗ്രേഡ് എസ്.ഐ. വി.പി. സുധി, എ.എസ്.ഐ. ഷൈനിമോള്‍, സീനിയര്‍ സി.പി.ഒ. അരുണ്‍ എന്നിവര്‍ അന്വേഷണത്തിനു നേതൃത്വം നല്‍കി.

Tags:    

Similar News