'പുതുതലമുറയ്ക്ക് വഴിമാറുന്നു; അധികാരം ലഹരിയല്ല'; ചെങ്ങന്നൂരില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി പി.എസ്. ശ്രീധരന്‍ പിള്ള

Update: 2026-03-26 05:09 GMT

ചെങ്ങന്നൂര്‍: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാത്തതിന്റെ കാരണം വ്യക്തമാക്കി മുന്‍ ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള. ചെങ്ങന്നൂരില്‍ നിന്ന് മത്സരിക്കാന്‍ തനിക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും എന്നാല്‍ പുതുതലമുറയ്ക്ക് അവസരം നല്‍കാനായി സ്വയം മാറിനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ അധികാരം ഒരു ലഹരിയായി മാറിയിരിക്കുകയാണെന്നും തനിക്ക് അത്തരം മോഹങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞപ്പോള്‍ തന്നെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് മടങ്ങാനില്ലെന്ന് തീരുമാനിച്ചതാണ്. തന്റെ വോട്ട് പോലും നിലവില്‍ ഗോവയിലാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പ്രായമായവര്‍ മാത്രം അധികാരം കൈയാളുന്ന രീതി മാറണം. പുതിയ ആളുകള്‍ക്ക് വഴിമുറക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. തനിക്ക് സീറ്റ് നിഷേധിച്ചു എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. താന്‍ സീറ്റ് ചോദിച്ചുവെന്ന് ആര്‍ക്കെങ്കിലും തെളിയിക്കാന്‍ കഴിയുമോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ബിജെപിക്കെതിരെ ഉയര്‍ത്തിയ 'ഡീല്‍' (ഒത്തുകളി) ആരോപണങ്ങളെ ശ്രീധരന്‍ പിള്ള ശക്തമായി വിമര്‍ശിച്ചു. 'ബിജെപിക്ക് വോട്ട് ചെയ്താല്‍ ജയിക്കില്ലെന്ന ധാരണ ഇപ്പോള്‍ മാറി. സംസ്ഥാനത്തെ നിരവധി തദ്ദേശ സ്ഥാപനങ്ങളില്‍ ബിജെപി ഭരണത്തിലുണ്ട്. കോലീബി സഖ്യാരോപണം ഉന്നയിക്കുന്ന മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. മുന്‍പ് ജനസംഘവുമായി ചേര്‍ന്ന് സിപിഎം മത്സരിച്ച ചരിത്രം മറക്കരുത്.'

നിലവിലെ രാഷ്ട്രീയ സാഹചര്യം എന്‍ഡിഎയ്ക്ക് അനുകൂലമാണെന്നും ബിജെപിയുടെ മുന്നേറ്റം തടയാനാകാത്ത സാഹചര്യത്തിലാണ് ഇത്തരം കുപ്രചാരണങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥിയല്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് താന്‍ സജീവമായിരിക്കുമെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

Tags:    

Similar News