നീന്തൽ അറിയത്തില്ല; എന്നാലും കൂടെ കൂട്ടുകാർ ഉണ്ടെന്ന വിശ്വാസത്തിൽ കനാലിൽ കുളിക്കാനിറങ്ങി; കൊച്ചിയിൽ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു
കൊച്ചി: എസ്എസ്എൽസി പരീക്ഷ പൂർത്തിയാക്കിയതിന് പിന്നാലെ കനാലിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു. മൂവാറ്റുപുഴ വളയൻചിറങ്ങരയിലെ പെരിയാർവാലി കനാലിലാണ് ദാരുണ സംഭവം. കണ്ടന്തറ മഞ്ചേരിമുക്ക് കോസർണ വീട്ടിൽ താമസിക്കുന്ന ജാസ്മിന്റെ മകനും പെരുമ്പാവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയുമായ റിനാസ് (15) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം കനാലിൽ കുളിക്കാനെത്തിയ റിനാസ് നീന്തലറിയാത്തതിനാൽ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു.
വളയൻചിറങ്ങര ഐടിസിക്ക് പിന്നിലുള്ള പെരിയാർവാലി കനാലിലാണ് അപകടം സംഭവിച്ചത്. വെള്ളം നിറഞ്ഞ കനാലിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഒഴുക്കിൽപ്പെട്ട റിനാസിനെ രക്ഷപ്പെടുത്താൻ സുഹൃത്തുക്കൾ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
തുടർന്ന് നാട്ടുകാരും പട്ടിമറ്റത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേനയും ചേർന്ന് നടത്തിയ തിരച്ചിലിൽ കുറച്ചകലെയുള്ള കടവിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം നിലവിൽ പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തും. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.