'യു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം; യുഡിഎഫ് നേതൃനിര എങ്ങനെ ചിന്തിക്കുന്നു എന്നതിന് ഉദാഹരണം'; പ്രതികരിച്ച് എം വി ഗോവിന്ദന്‍
കൊല്ലം: കായംകുളം നിയമസഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു പ്രതിഭയ്‌ക്കെതിരെ യുഡിഎഫ് നേതാവ് നടത്തിയ അധിക്ഷേപ പരാമര്‍ശം യുഡിഎഫിന്റെ നേതൃനിര എങ്ങനെയാണ് ചിന്തിക്കുന്നത് എന്നതിന്റെ മുഖക്കണ്ണാടിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുഭവവും അതുമായ ബന്ധപ്പെട്ട സംഭവങ്ങളു എല്ലാവര്‍ക്കും അറിയാം. അതിന്റെ തുടര്‍ച്ചയിലാണ് ഓരോന്ന് സ്ത്രീകള്‍ക്കെതിരായി വരുന്നത്. സാമൂഹ്യരംഗത്തേക്കും രാഷ്ട്രീയ രംഗത്തേക്കും വരുന്ന യുവതികളായ നേതാക്കള്‍ക്കെതിരെ കടന്നാക്രണം നടത്തുന്ന രീതിയാണ് യുഡിഎഫ് പിന്തുടരുന്നത്. അത് അവസാനിപ്പിക്കുന്തനാണ് അവര്‍ക്ക് നല്ലത്. കേരളത്തിലെ സ്ത്രീകള്‍ക്ക് നേരെ നടത്തിയിട്ടുള്ള ഈ കടന്നാക്രമണത്തെ കേരളീയ സമൂഹം ഒന്നാകെ അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ നിയമപരമായി മുന്നോട്ട് പോകുമെന്ന് പ്രതിഭ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെ എന്ത് അപമാനവും പറയാം എന്ന രീതയിലേക്ക് പോയാല്‍ ജനങ്ങള്‍ ശക്തയായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം യു പ്രതിഭയ്‌ക്കെതിരെ യുഡിഎഫ് നേതാവ് നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഇടപ്പെട്ടു. ആലപ്പുഴ കലക്ടറോട് കമീഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. ഉച്ചയ്ക്ക് മുന്‍പ് നടപടിയെടുത്ത് അറിയിക്കണമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം. നാക്ക്ചാതുര്യംകൊണ്ടും ശരീര അഴകുകൊണ്ടും അതെല്ലാം വില്‍പ്പനയ്ക്കായിവച്ചുമാണ് പ്രതിഭ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നായിരുന്നു യുഡിഎഫ് മണ്ഡലം കണ്‍വീനറും മുസ്ലിം ലീഗ് നേതാവുമായ എ ഇര്‍ഷാദിന്റെ അധിക്ഷേപം. സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെ പ്രതിഭയും ജനാധിപത്യ മഹിളാ അസോസിയേഷനും തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിരുന്നു.
ബുധനാഴ്ച യുഡിഎഫ് കണ്‍വന്‍ഷനില്‍ ഇര്‍ഷാദ് കടുത്ത സത്രീവിരുദ്ധ പരാമര്‍ശം നടത്തുമ്പോള്‍ മറ്റ് നേതാക്കള്‍ തിരുത്തിയതുമില്ല. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ഡിസിസി പ്രസിഡന്റ് ബി ബാബുപ്രസാദ്, യുഡിഎഫ് സ്ഥാനാര്‍ഥി എം ലിജു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അധിക്ഷേപം. ചാനലുകളില്‍ വാര്‍ത്തയാകുകയും വന്‍പ്രതിഷേധം ഉയരുകയും ചെയ്തതോടെ എ ഇര്‍ഷാദ് ഖേദം പ്രകടിപ്പിച്ചു. എന്നാല്‍, കേവലം ഖേദപ്രകടനംകൊണ്ട് വിഷയം അവസാനിക്കില്ലെന്ന് യു പ്രതിഭ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ ഇര്‍ഷാദിനെ മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കിയിട്ടുണ്ട്.
