സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്റെ വീട്ടില്‍ നിന്നും മോഷണം പോയത് 21 പവന്‍ സ്വര്‍ണം; വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പൂട്ടുപൊളിച്ച് അകത്തു കയറി കള്ളന്മാര്‍

സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്റെ വീട്ടില്‍ നിന്നും മോഷണം പോയത് 21 പവന്‍

Update: 2026-03-26 00:29 GMT

കോഴിക്കോട്: സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്റെ വീട്ടില്‍ നിന്ന് കള്ളന്മാര്‍ കൊണ്ടു പോയത് 21 പവന്‍ സ്വര്‍ണം. തിരുത്തിയാട് അഴകൊടി പൊല്‍പ്പായമെന വീട്ടില്‍ പി.വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിലാണ് കള്ളന്‍കയറിയത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് മോഷണം. ചൊവ്വാഴ്ച രാവിലെ ആറിനും വൈകിട്ട് നാലിനുമിടയിലാണ് മോഷണം ഉണ്ടായതെന്നാണ് കരുതുന്നത്.

വിനോദും ഭാര്യയുമായിരുന്നു വീട്ടില്‍ താമസം. ഇരുവരും ചൊവ്വാഴ്ച രാവിലെ ആറുമണിയോടെ ഗുരുവായൂര്‍ ദര്‍ശനത്തിനായി പോയിരുന്നു. വൈകിട്ട് നാലു മണിയോടെ മടങ്ങിയെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയില്‍ കാണുന്നത്. തുടര്‍ന്ന് വീടിനകത്ത് കയറി നോക്കുമ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം മോഷണം പോയതായി മനസിലാകുന്നത്.

വീടിന്റെ പൂട്ടു പൊളിച്ച് അകത്തു കയറിയ കള്ളന്മാര്‍ അലമാരയില്‍ സൂക്ഷിച്ച 21 പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്. വീട്ടുടമസ്ഥന്റെ പരാതിയില്‍ നടക്കാവ് പൊലീസ് കേസ് എടുത്തു. വിരലടയാള വിദഗ്ധരും മറ്റും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടില്ല. നടക്കാവ് എസ്‌ഐ സി.പി.ലിനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

വീടിനുള്ളില്‍ പ്രവേശിച്ച കള്ളന്മാര്‍ അലമാരയുടെ ലോക്കര്‍ കുത്തിപ്പൊളിച്ചാണ് മോഷണം. വിരലടയാള വിദഗ്ധര്‍ എത്തി പരിശോധിച്ചപ്പോള്‍ കാണാതായെന്നു പരാതി നല്‍കിയ ചില ആഭരണങ്ങള്‍ അലമാരയ്ക്കുള്ളില്‍ തന്നെ സ്ഥാനം മാറിയ നിലയില്‍ കണ്ടെത്തി. എന്നാല്‍ ഏകദേശം 20 ലക്ഷത്തോളം രൂപ വില വരുന്ന മറ്റു ചില ആഭരണങ്ങള്‍ കണ്ടെത്താനായില്ല.

Tags:    

Similar News