വേനലവധി മാറ്റേണ്ട: വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ലീഡ് ഐഎഎസ് വിദ്യാര്‍ത്ഥികള്‍
വേനലവധി മാറ്റേണ്ട: വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ലീഡ് ഐഎഎസ് വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ വേനലവധി ഏപ്രില്‍-മെയ് മാസങ്ങളില്‍ നിന്ന് ജൂണ്‍-ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെതിരെ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ അവധി മാറ്റുന്നതിനെക്കുറിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പൊതുസമൂഹത്തിന്റെ അഭിപ്രായം തേടിയ സാഹചര്യത്തിലാണ്, ലീഡ് ഐഎഎസ് അക്കാദമിയിലെ (Lead IAS Academy) ജൂനിയര്‍ പ്രോഗ്രാം വിദ്യാര്‍ത്ഥികള്‍ വിഷയത്തില്‍ വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഫെബ്രുവരി 28 ശനിയാഴ്ച മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പോളിസി നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് കൈമാറിയത്.
ചര്‍ച്ചകളില്‍ പങ്കുചേര്‍ന്നത് 5000 വിദ്യാര്‍ത്ഥികള്‍
കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി വിവിധ സിലബസുകളില്‍ പഠിക്കുന്ന അയ്യായിരത്തോളം വിദ്യാര്‍ത്ഥികളാണ് മെന്റര്‍ഷിപ്പ് ഗ്രൂപ്പുകള്‍ വഴി ഈ ചര്‍ച്ചയില്‍ പങ്കാളികളായത്.
മൂന്ന് ഘട്ടങ്ങളിലായി നടന്ന ജനാധിപത്യപരമായ സംവാദങ്ങള്‍ക്കൊടുവിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്:
അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍: ആരോഗ്യ പ്രശ്‌നങ്ങള്‍, കുടുംബ സാഹചര്യങ്ങള്‍, ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷകള്‍, വിനോദങ്ങള്‍, പ്രകൃതിദുരന്ത സാധ്യതകള്‍ എന്നിവയെല്ലാം വിദ്യാര്‍ത്ഥികള്‍ ഗൗരവമായി ചര്‍ച്ച ചെയ്തു.
ഭൂരിപക്ഷ അഭിപ്രായം: സര്‍വ്വേയില്‍ പങ്കെടുത്ത ഏകദേശം 70 ശതമാനം വിദ്യാര്‍ത്ഥികളും നിലവിലുള്ള ഏപ്രില്‍മെയ് അവധി തന്നെ തുടരണമെന്ന അഭിപ്രായക്കാരാണ്.
സാമൂഹിക ഘടകം: വെക്കേഷന്‍ എന്നത് കേവലം ഒരു ഇടവേള മാത്രമല്ല, മറിച്ച് സാമൂഹികവും വിദ്യാഭ്യാസപരവുമായ ഒട്ടനവധി ഘടകങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി.
ക്ലാസ് റൂമില്‍ നിന്ന് നയരൂപീകരണത്തിലേക്ക്
വിദേശ രാജ്യങ്ങളിലെ അവധി രീതികളും കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങളും താരതമ്യം ചെയ്തുകൊണ്ടുള്ള സമഗ്രമായ റിപ്പോര്‍ട്ടാണ് വിദ്യാര്‍ത്ഥികള്‍ മന്ത്രിക്ക് നല്‍കിയത്.
കേവലം ഭരണകൂടം എടുക്കുന്ന തീരുമാനങ്ങള്‍ക്കപ്പുറം, തങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഈ ഇടപെടലിനെ മന്ത്രി അഭിനന്ദിച്ചു.
