'പേരുകൾ വലിച്ച് കീറിക്കളയും..'; കൊട്ടാരക്കരയിലെ ഒരു പരിപാടിക്കിടെ ദേഷ്യം സഹിക്കാൻ കഴിയാതെ മന്ത്രി കെബി ഗണേഷ്‌കുമാർ; പ്രകോപനം യുഡിഎഫ് നേതാക്കളുടെ ബഹിഷ്‌കരണം

Update: 2026-03-01 00:22 GMT

കൊല്ലം: കൊട്ടാരക്കര കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണ ഉദ്ഘാടന വേദിയിൽ യുഡിഎഫ് അംഗങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ചടങ്ങ് ബഹിഷ്കരിച്ചവരുടെ പേരുകൾ ശിലാഫലകത്തിൽ നിന്ന് നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ച മന്ത്രി, നിലപാടുകളിൽ വിട്ടുവീഴ്ചയില്ലെന്ന കർശന നിലപാടും വ്യക്തമാക്കി.

കെഎസ്ആർടിസി ബസ് കേടുവരുത്തിയതിന്റെ പേരിൽ പുറത്താക്കപ്പെട്ട 4 ഐഎൻടിയുസി പ്രവർത്തകരെ സർവീസിൽ തിരിച്ചെടുക്കാൻ മന്ത്രി എംഡിക്ക് നിർദേശം നൽകി.

ബസുകളിൽ 13 രൂപയ്ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി നടപ്പിലാക്കും. കെട്ടിക്കിടക്കുന്ന വാഹന പിഴകൾ ഇളവുകളോടെ അടച്ചുതീർക്കാൻ അദാലത്ത് സംഘടിപ്പിക്കും.ഗ്രാമീണ മേഖലകളിലെ ചെറിയ ബസ് സർവീസുകൾ ലാഭകരമാണെന്നും ഇത്തരം കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

യുഡിഎഫ് അംഗങ്ങളുടെ ബഹിഷ്കരണത്തിൽ പ്രകോപിതനായ മന്ത്രി, "ആർ. ബാലകൃഷ്ണപിള്ളയുടെ മകനെ രാഷ്ട്രീയം പഠിപ്പിക്കാൻ ആരും വരേണ്ടതില്ല" എന്ന് തുറന്നടിച്ചു. പങ്കെടുത്തവരുടെ പേരുകൾ മാത്രം ശിലാഫലകത്തിൽ മതിയെന്നും ബാക്കിയുള്ളവ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ അദ്ദേഹം വാനോളം പുകഴ്ത്തി. പണിമുടക്ക് ദിവസങ്ങളിൽ പോലും ബാലഗോപാൽ കൃത്യമായി ഫണ്ട് നൽകുന്നത് കൊണ്ടാണ് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയുന്നതെന്നും, അല്ലെങ്കിൽ ആനവണ്ടിയിലെ 'രണ്ട് ആനകളും' രണ്ടു വഴിക്ക് പോയേനെയെന്നും മന്ത്രി തമാശരൂപേണ പറഞ്ഞു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെഎസ്ആർടിസി എംഡി ഡോ. പി.എസ്. പ്രമോജ് ശങ്കർ, നഗരസഭ ചെയർപേഴ്സൺ അനിത ഗോപകുമാർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

Tags:    

Similar News