കൊല്ലങ്കോട് നെന്മേനിയില്‍ അമ്മയേയും മകനേയും കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലങ്കോട് നെന്മേനിയില്‍ അമ്മയേയും മകനേയും കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട്: കൊല്ലങ്കോട് നെന്മേനി കല്ലേരിപൊറ്റയില്‍ അമ്മയും മകനും കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍. നെന്മേനി കല്ലേരിപ്പൊറ്റയില്‍ താമസിക്കുന്ന ബിന്ദു(46), മകന്‍ സനോജ്(11) എന്നിവരെയാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. കൊടുകപ്പാറയിലെ അമ്പിട്ടന്‍ചള്ള കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതാണ് ഇരുവരും. രാവിലെ 9.30ഓടെയാണ് അപകടം ഉണ്ടായത്.
കുളിക്കാനും തുണി അലക്കാനുമായി പോയ സമയം ഒരാള്‍ കാലിടറി വെള്ളത്തില്‍ വീഴുകയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെയാളും വെള്ളത്തില്‍ പെട്ടതാകാമെന്നുമാണ് അഗ്‌നിരക്ഷാസേനയും പോലീസും സംശയിക്കുന്നത്. കുളത്തില്‍ കുളിക്കാനെത്തിയ ചില കുട്ടികളാണ് കടവിനോട് ചേര്‍ന്ന് ബിന്ദുവിന്റെ മൃതദേഹം കമഴ്ന്നുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലവാസിയും വാര്‍ഡ് മെമ്പറുമായ ശിവന്റെ നേതൃത്വത്തില്‍ പരിസരവാസികള്‍ ഓടിയെത്തുമ്പോള്‍ കുട്ടിയുടെ വസ്ത്രങ്ങളും ചെരുപ്പും കുളക്കടവില്‍ കാണുകയായിരുന്നു.
ഇതോടെ ഒരാള്‍കൂടി അപകടത്തില്‍ പെട്ടിരിക്കാമെന്ന സംശയം ബലപ്പെടുകയും അഗ്‌നിരക്ഷാ സേനയെയും പോലീസിനെയും വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി കുളത്തില്‍ പരിശോധന നടത്തിയ സമയമാണ് സനോജിന്റെ മൃതദേഹം കൂടി കണ്ടെടുത്തത്. കുളത്തില്‍ നിന്നും പുറത്തെടുത്ത ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ബിന്ദുവിന് അപസ്മാരത്തിന്റെ അസുഖമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അസുഖം ഉണ്ടായ സമയത്ത് അമ്മയെ രക്ഷിക്കാന്‍ പോയ മകനും അപകടത്തില്‍ പെടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തുന്നത്. ബിന്ദുവിന്റെ മൃതദേഹം പുറത്തെടുക്കുമ്പോഴാണ് കുളത്തിന്റെ കരയില്‍ ഒരു കുട്ടിയുടെ ചെരുപ്പ് കാണുന്നത്. പിന്നീട് ഫയര്‍ഫോഴ്‌സെത്തി നടത്തിയ തെരച്ചിലിലാണ് കുട്ടിയുടേയും മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.