എരുമേലി സ്വദേശിക്ക് തെലങ്കാന മെഡിക്കല്‍ സര്‍വകലാശാല എംബിബിഎസ് പരീക്ഷയില്‍ ഒന്നാം റാങ്ക്; ഡിസ്റ്റിങ്ഷനോടെ നേട്ടം കൈവരിച്ചത് പോള്‍ ചാക്കോ തോപ്പില്‍
എരുമേലി സ്വദേശിക്ക് തെലങ്കാന മെഡിക്കല്‍ സര്‍വകലാശാല എംബിബിഎസ് പരീക്ഷയില്‍ ഒന്നാം റാങ്ക്
കോട്ടയം: എരുമേലി സ്വദേശിക്ക് തെലങ്കാന മെഡിക്കല്‍ സര്‍വകലാശാല എംബിബിഎസ് പരീക്ഷയില്‍ ഒന്നാം റാങ്ക്. എരുമേലി കൊരട്ടി സ്വദേശി പോള്‍ ചാക്കോയാണ് ഡിസ്റ്റിങ്ഷനോടെ ഒന്നാം റാങ്ക് നേടിയത്. തെലങ്കാന മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് 2025 ഫെബ്രുവരിയില്‍ നടത്തിയ പരീക്ഷയിലാണ് പോള്‍ ചാക്കോ ഈ നേട്ടം കൈവരിച്ചത്.
തെലങ്കാനയിലെ സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ ആകെയുള്ള 33 മെഡിക്കല്‍ കോളജുകളില്‍ നിന്നായി 5100 ഓളം എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍, പോള്‍ ചാക്കോ ഒന്നാമനായത്, എല്ലാ സെമസ്റ്റര്‍ പരീക്ഷകളിലും ഡിസ്റ്റിങ്ഷനോടെയാണ്.
ഹൈദരാബാദിനടത്തുള്ള മെഹബൂബ് നഗര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിയായ പോള്‍, എരുമേലി പഴയ കൊരട്ടി തോപ്പില്‍ ചാക്കോ പോളിന്റെയും ജെസ്സി തോമസ്സിന്റെയും മകനാണ്.
പത്താം ക്ലാസ്സ് വരെ അബുദാബി ഇന്ത്യന്‍ സ്‌കൂളില്‍ പഠിച്ച പോള്‍, ആനക്കല്ല് സെന്റ് ആന്റണിസ് സ്‌കൂളിലാണ് പ്ലസ് ടു പഠനം നടത്തിയത്. പ്ലസ് ടു പഠനത്തോടൊപ്പമുണ്ടായിരുന്ന ബ്രില്ലിയന്റിന്റെ കോച്ചിംഗിലൂടെ 2020 ലെ നീറ്റ് പരീക്ഷയില്‍ ആദ്യ തവണ തന്നെ ഉയര്‍ന്ന സ്‌കോര്‍ നേടി. അഖിലേന്ത്യാ ക്വാട്ടായിലൂടെയാണ് ഹൈദരാബാദിനടുത്തുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടിയത്.