ശക്തമായ മഴ; കൊല്ലം ചവറ പാലത്തിന്റെ കോണ്‍ക്രീറ്റ് ഭിത്തി അടര്‍ന്ന് വീണു
ശക്തമായ മഴ; കൊല്ലം ചവറ പാലത്തിന്റെ കോണ്‍ക്രീറ്റ് ഭിത്തി അടര്‍ന്ന് വീണു
കൊല്ലം: ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് ചവറ പാലത്തിന്റെ വശത്തെ കോണ്‍ക്രീറ്റ് ഭിത്തി അടര്‍ന്നുവീണു. പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. തിങ്കളാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. വശങ്ങളിടിഞ്ഞപ്പോള്‍ പാലത്തിലൂടെ ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടായിരുന്നെങ്കിലും കാര്യമായ അപകടമുണ്ടായില്ല. പാലത്തിനു സമാന്തരമായി നിര്‍മിക്കുന്ന പുതിയ പാലത്തിനായി, ഇവിടെനിന്ന് മണ്ണെടുത്തു മാറ്റിയതാണ് അപകടത്തിനിടയാക്കിയത്.
സമീപത്തെ മണ്ണൊലിച്ചുപോയി പാലത്തിന്റെ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ അടര്‍ന്നുവീഴുകയായിരുന്നു. പാലത്തിന്റെ ഒരുഭാഗത്തെ കോണ്‍ക്രീറ്റിലുണ്ടായ വിള്ളല്‍ മഴപെയ്തതോടെ വലുതായി.ദേശീയപാത നിര്‍ണാമത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ അധികൃതരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മണ്ണ് അടര്‍ന്നുമാറിയ സ്ഥലത്ത് വലിയ കോണ്‍ക്രീറ്റ് ബീം സ്ഥാപിച്ച് ഒരുഭാഗത്തുകൂടി മാത്രം വാഹനങ്ങള്‍ കടത്തിവിട്ടു.
അപകടത്തിനു പിന്നാലെ വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടു. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഗതാഗതം പൂര്‍വസ്ഥിതിയിലായത്. ദേശീയപാതാ അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ തകര്‍ന്നുവീണ ഭാഗത്ത് കോണ്‍ക്രീറ്റിങ് പുരോഗമിക്കുന്നു.