ഡിജിറ്റല്‍ സര്‍വകലാശാല താല്‍ക്കാലിക വിസി ഡോ. സിസ തോമസിനോട് സര്‍ക്കാരിന് എന്താണിത്ര വിരോധമെന്ന് ഹൈക്കോടതി; അവര്‍ ചെയ്യുന്നത് ഗവര്‍ണര്‍ ഏല്‍പ്പിച്ച ജോലിയല്ലേ എന്നും ചോദ്യം
കൊച്ചി: ഡിജിറ്റല്‍ സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിനോട് സര്‍ക്കാരിന് എന്താണിത്ര വിരോധമെന്ന് ഹൈക്കോടതി. തന്റെ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചിരിക്കുന്നതിനെതിരെ സിസ തോമസ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ചോദ്യം. ഗവര്‍ണര്‍ ഏല്‍പ്പിച്ച ജോലിയല്ലേ സിസ തോമസ് ചെയ്യുന്നതെന്നും ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ജോണ്‍സണ്‍ ജോണ്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ഹര്‍ജിയില്‍ സര്‍ക്കാര്‍ വിശദീകരണം നാളെ കോടതി പരിഗണിക്കും.
2023 മാര്‍ച്ച് 31നാണ് 33 വര്‍ഷത്തെ സേവനത്തിനുശേഷം സിസ തോമസ് വിരമിച്ചത്. എന്നാല്‍ അച്ചടക്ക നടപടിയുടെ പേരില്‍ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ തടഞ്ഞു വെക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് സിസ തോമസ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനു ശേഷവും വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയാറായില്ല. തുടര്‍ന്ന് സിസ തോമസ്ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.