ആരോഗ്യമേഖലയ്‌ക്കെതിരായ നുണപ്രചാരണം കോര്‍പറേറ്റുകള്‍ക്കുവേണ്ടി; കോണ്‍ഗ്രസിന്റേത് ക്രിമിനല്‍ പ്രവര്‍ത്തനം: എം വി ഗോവിന്ദന്‍

Update: 2026-02-26 07:00 GMT

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനുനേരെയുണ്ടായ ആക്രമണം കോണ്‍ഗ്രസിന്റെ ക്രിമിനല്‍ പ്രവര്‍ത്തനമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ആസൂത്രിതമായ ഗൂഢാലോചനയോടെയാണ് ആക്രമണം നടത്തിയത്. ജനകീയ പ്രതിരോധമൊരുക്കി ഇത്തരം ശ്രമങ്ങളെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാത്തരത്തിലും ലോകോത്തരമാണ് കേരളത്തിന്റെ ആരോഗ്യമേഖല. അവയവദാന ശസ്ത്രക്രിയപോലും നടത്താന്‍ സാധിക്കുന്ന ജില്ലാ ആശുപത്രികള്‍ കേരളത്തിലുണ്ട്. അതിനിടയില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ അത് പരിഹരിച്ചുപോകുക എന്നതാണ രീതി. എന്നാല്‍ പ്രശ്‌നങ്ങളെ കേന്ദ്രീകരിച്ച് കേരളത്തിലെ ആരോഗ്യരംഗമാകെ അവതാളത്തിലാണെന്ന് വരുത്തിതീര്‍ക്കുന്നത് ശരിയല്ല. യുഡിഎഫ് നടത്തുന്ന ഈ ശ്രമം ജനങ്ങള്‍ തിരിച്ചറിയും.

ശ്രദ്ധേയമായ കേരളത്തിന്റെ ആരോഗ്യമേഖലയെ തകര്‍ക്കാന്‍ അമേരിക്കയിലെ കോര്‍പറേറ്റുകള്‍ സംസ്ഥാനത്തെ ആശുപത്രികള്‍ വാങ്ങിക്കൂട്ടുകയാണ്. തിരുവനന്തപുരത്തെയും കൊച്ചിയിലെയും കോഴിക്കോട്ടെയും എല്ലാം പ്രധാന ആശുപത്രികളെ മുഴുവന്‍ വലിയ മൂലധന നിക്ഷേപത്തോടെ വാങ്ങിച്ചുകൊണ്ടിരിക്കുകയാണ്. ഈ ലോബിക്കുവേണ്ടിയാണ് സര്‍ക്കാര്‍ ആശുപത്രികള്‍ക്കെതിരായ പ്രചാരണവും ആരോഗ്യമേഖലയെ ഇകഴ്ത്താനുള്ള ശ്രമവും നടത്തുന്നത്.

ആരോഗ്യമന്ത്രിയുടെ വീട് ആക്രമിച്ച് യൂത്ത് കോണ്‍ഗ്രസ് റീത്ത് വെച്ചിരുന്നു. അതിനുശേഷമാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍വെച്ച് ഒളിഞ്ഞിരുന്ന് മന്ത്രിയെ ആക്രമിച്ചത്. ബോധപൂര്‍വമായ ആക്രമണമാണ് മന്ത്രിക്കുനേരെയുണ്ടായത്. എന്നാല്‍ ഇതിലും നുണപറഞ്ഞ് രക്ഷപെടാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. നുണപറയാന്‍ വേണ്ടി മാത്രമാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ജാഥ നടത്തുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Similar News