അപകട കേസിലെ വാഹനം വിട്ട് നല്‍കുന്നതിന് കൈക്കൂലി; കൊച്ചിയില്‍ സ്റ്റേഷനില്‍വെച്ച് പതിനായിരം രൂപ വാങ്ങിയ ഗ്രേഡ് എസ്.ഐ. വിജിലന്‍സ് പിടിയില്‍

Update: 2025-09-02 15:52 GMT

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ എസ്ഐ അറസ്റ്റില്‍. കൊച്ചി മരട് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഗോപകുമാറിനെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്. വൈറ്റില ഹബ്ബിന് സമീപം അപകടമുണ്ടാക്കിയ കേസിലെ വാഹനം വിട്ട് നല്‍കുന്നതിനാണ് 10,000 രൂപ കൈക്കൂലി വാങ്ങിയത്. കാഞ്ഞിരമറ്റം സ്വദേശി ഗോപകുമാറാണ് പിടിയിലായത്. സ്റ്റേഷനില്‍വെച്ച് കൈക്കൂലി വാങ്ങിയതിന് പിന്നാലെ വിജിലന്‍സ് സംഘം ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.

ഒരു കേസില്‍ കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുകിട്ടണമെങ്കില്‍ തനിക്ക് പതിനായിരം രൂപ നല്‍കണമെന്നാണ് വാഹന ഉടമയോട് എസ്ഐ പറഞ്ഞിരുന്നത്. പണം കിട്ടാതെ ഒരിക്കലും വാഹനം വിട്ടുതരില്ലെന്നും എസ്ഐ ഉറപ്പിച്ചുപറഞ്ഞിരുന്നു. ഇതോടെയാണ് വാഹന ഉടമ വിജിലന്‍സിനെ സമീപിച്ചത്. തുടര്‍ന്ന് വിജിലന്‍സ് സംഘം കൈമാറിയ നോട്ടുകളുമായി വാഹന ഉടമ മരട് സ്റ്റേഷനിലെത്തി. ഇദ്ദേഹം എസ്ഐ ഗോപകുമാറിന് പണം കൈമാറിയതിന് പിന്നാലെ വിജിലന്‍സ് സംഘം എസ്ഐയെ വളയുകയും കൈയോടെ പിടികൂടുകയുമായിരുന്നു.

വൈറ്റില ഹബ്ബിന് സമീപം 25-ാം തീയതി വൈകിട്ട് 5.30യോടെ പള്ളിക്കര സ്വദേശി ഷിബു വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള ഗ്യാസ് സിലിണ്ടര്‍ കയറ്റിയ ലോറി ഓടിച്ചിരുന്ന ഡ്രൈവര്‍ക്ക് ഹൃദയാഘാതം സംഭവിക്കുകയും തുടര്‍ന്ന് ഒരു വൈദ്യുതി പോസ്റ്റിലും കാറിലും ബൈക്കിലും മതിലിലും ഇടിച്ച് അപകടം സംഭവിച്ചിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഡ്രൈവര്‍ കോമ സ്റ്റേജില്‍ ചികിത്സയിലുമാണ്.

തുടര്‍ന്ന് മരട് പൊലീസ് 28-ാം തീയതി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മരട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഗോപകുമാര്‍ പരാതിക്കാരനായ ഷിബു വര്‍ഗീസിനെ ഫോണില്‍ വിളിച്ച് കേസില്‍പ്പെട്ട ലോറി വിട്ട് നല്‍കുന്നതിന് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടു. അന്നേ ദിവസം രാത്രി സ്റ്റേഷനിലെത്തി ഗോപകുമാറിനെ നേരില്‍ കണ്ടപ്പോള്‍ 27-ാം തീയതി വീണ്ടും സ്റ്റേഷനില്‍ വരാന്‍ പറഞ്ഞു. തുടര്‍ന്ന് 27-ാം തീയതി പരാതിക്കാരന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ വാഹനം വിട്ട് നല്‍കുന്നതിന് 10,000 രൂപ കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെട്ടു.

പരാതിക്കാരന്‍ തന്റെ ബുദ്ധിമുട്ടുകളും ആശുപത്രിയില്‍ കഴിയുന്ന ഡ്രൈവറുടെ ചികിത്സയുടെ കാര്യവും പറഞ്ഞുവെങ്കിലും അത് കേള്‍ക്കാന്‍ കൂട്ടാക്കാതെ 10,000 രൂപ തന്നെ കൈക്കൂലി വേണമെന്ന് ഉറപ്പിച്ച് പറഞ്ഞു. തുടര്‍ന്ന് തിങ്കളാഴ്ച വീണ്ടും സ്റ്റേഷനിലെത്തി ഗ്രേഡ് എസ്.ഐ ഗോപകുമാറിനെ കണ്ട് തന്റെ ബുദ്ധിമുട്ട് പറഞ്ഞപ്പോള്‍ ഏറ്റവും കുറഞ്ഞ തുകയാണ് താന്‍ ആവശ്യപ്പെട്ടതെന്നും ഇതില്‍ കുറക്കാന്‍ കഴിയില്ലായെന്നും ചൊവ്വാഴ്ച ഉച്ചക്ക് ശേഷം സ്റ്റേഷനിലെത്തി പണം നല്‍കണമെന്നും പറഞ്ഞ് തിരികെ അയച്ചു.

കൈക്കൂലി നല്‍കി കാര്യം സാധിക്കാന്‍ താല്‍പര്യമില്ലാത്ത പരാതിക്കാരന്‍ ഈ വിവരം എറണാകുളം വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയും തുടര്‍ന്ന് നിര്‍ദ്ദേശാനുസരണം വിജിലന്‍സ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ചൊവ്വാഴ്ച വൈകിട്ട് 4.15ന് മരട് പൊലീസ് സ്റ്റേഷനില്‍ വെച്ച് പരാതിക്കാരനില്‍ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങവെ ഗ്രേഡ് എസ്.ഐയെ വിജിലന്‍സ് സംഘം കൈയ്യോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

മരട് സ്റ്റേഷനുമായി ബന്ധപ്പെട്ട് നേരത്തേയും പല പരാതികളുയര്‍ന്നിരുന്നു. ഇതിനിടെയാണ് കൈക്കൂലിക്കേസില്‍ എസ്ഐയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് എസ്ഐ ഗോപകുമാറിന്റെ വീട്ടിലടക്കം പരിശോധന നടത്തുമെന്നും വിജിലന്‍സ് പറഞ്ഞു.

Similar News