അമൃതവര്‍ഷം 72: മാതാ അമൃതാനന്ദമയീദേവിയുടെ പിറന്നാള്‍ ആഘോഷത്തിനൊരുങ്ങി അമൃതപുരി; ഒരു ലക്ഷം പേര്‍ക്ക് ഒരേസമയം ഇരിക്കാവുന്ന പന്തല്‍; അഞ്ച് ലക്ഷത്തിലധികം പേര്‍ പങ്കെടുക്കും
മാതാ അമൃതാനന്ദമയീദേവിയുടെ 72-ാംപിറന്നാള്‍ ആഘോഷങ്ങള്‍ക്കായി അമൃതപുരി ഒരുങ്ങി
അമൃതപുരി (കൊല്ലം): മാതാ അമൃതാനന്ദമയീദേവിയുടെ 72-ാംപിറന്നാള്‍ ആഘോഷങ്ങള്‍ക്കായി അമൃതപുരി ഒരുങ്ങി. അമൃതവര്‍ഷം 72 എന്ന പേരിലാണ് നാളെ (27) അമ്മയുടെ പിറന്നാള്‍ ആഘോഷിക്കുന്നത്.
ജന്മദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ഇക്കുറിയും സംഘടിപ്പിക്കുന്നത്. ആഘോഷങ്ങള്‍ക്കായി അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാംപസില്‍ കൂറ്റന്‍ പന്തല്‍ ഒരുങ്ങിക്കഴിഞ്ഞു. ഏകദേശം ഒരു ലക്ഷം പേര്‍ക്ക് ഒരേസമയം ഇരിക്കാവുന്ന രീതിയിലാണ് പന്തല്‍ നിര്‍മ്മിക്കുന്നത്. ഇതിന് ഇരുവശങ്ങളിലുമായി അനുബന്ധ പന്തലുകളും ഉണ്ട്. അമ്മയുടെ പിറന്നാളിനായി ലോകമെമ്പാടുനിന്നും എത്തുന്നവര്‍ക്ക് വേണ്ടി താമസം, ഭക്ഷണം, കുടിവെള്ളം, അടിയന്തര വൈദ്യ സഹായം എന്നിവയടക്കം എല്ലാറ്റിനുമായി അതിവിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ഏതാണ്ട് അഞ്ച് ലക്ഷത്തിലധികം പേര്‍ അമൃതവര്‍ഷം 72 പരിപാടിയില്‍ പങ്കെടുക്കും. എല്ലാ പരിപാടികളും എല്ലാവര്‍ക്കും കാണാന്‍ കഴിയുന്ന തരത്തില്‍ പന്തലിനുള്ളിലും പുറത്തും വിപുലമായ സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്. മാതാ അമൃതാനന്ദമയി മഠം നടപ്പാക്കുന്ന നിരവധി പദ്ധതികളുടെ പ്രദര്‍ശനവും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
ഭൂമിയില്‍ നമുക്കുള്ള കടമയെ ഓര്‍മ്മപ്പെടുത്തുന്ന സന്ദേശങ്ങള്‍ അടങ്ങിയതാണ് പ്രദര്‍ശന മേള. പരിസ്ഥിതി സൗഹൃദം, പ്രകൃതി സംരക്ഷണം, മാലിന്യ നിര്‍മ്മാര്‍ജ്ജനവും പുനരുപയോഗവും, വിഭവങ്ങളുടെ മാതൃകാപൂര്‍ണമായ മിതോപഭോഗം, സുസ്ഥിര വികസനം തുടങ്ങിയ ലക്ഷ്യങ്ങള്‍ മഠം എങ്ങനെ മാതൃകാപരമായി നടപ്പാക്കി എന്നതാണ് മൂന്ന് ദിവസം നീളുന്ന പ്രദര്‍ശനത്തിലൂടെ വിശദമാക്കുന്നത്.
27 ന് രാവിലെ 5 മണിക്ക് നടത്തുന്ന 72 ഗണപതി ഹോമങ്ങളോടെയാണ് അമ്മയുടെ 72 -ആം പിറന്നാളാഘോഷത്തിന് തുടക്കമാവുക. തുടര്‍ന്ന്, ഭാരതത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആദിവാസിഗോത്രാംഗങ്ങള്‍ ചേര്‍ന്നു് 'ഒരു ലോകം, ഒരു ഹൃദയം' എന്ന സങ്കല്പത്തിലുള്ള ലോകശാന്തി പ്രാര്‍ത്ഥന നടത്തും.
തുടര്‍ന്ന് 7 മണിക്ക് മാതാ അമൃതാനന്ദമയീമഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ സത്സംഗത്തിനു ശേഷം, പ്രശസ്ത സംഗീതജ്ഞരായ ശ്രീ ശരത്തും ശ്രീമതി മഞ്ജരിയും സംഘവും ചേര്‍ന്ന് ഒരുക്കുന്ന സംഗീത വിരുന്ന് നടക്കും.
9 മണിക്ക് ഗുരുപാദപൂജയും തുടര്‍ന്ന്, അമ്മയുടെ സത്സംഗവും ലോകശാന്തിക്കായുള്ള ധ്യാനം ഭജന എന്നിവയുണ്ടാകും. 11 മണിക്ക് ഔപചാരിക ചടങ്ങുകളാരംഭിക്കും. 25 വര്‍ഷം മുന്‍പ് ഐക്യരാഷ്ട്രസഭയില്‍ അമ്മ നല്‍കിയ മലയാളപ്രഭാഷണത്തിന്റെ വീഡിയോ പ്രദര്‍ശനം, 'ഒരു ലോകം ഒരു ഹൃദയം' എന്ന വിഷയത്തെ ഉപചരിച്ച് സ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തുന്ന മലയാള ഉപന്യാസ മത്സരത്തിന്റെ ഉദ്ഘാടനം, 72 പ്രമുഖ വ്യക്തികള്‍ എഴുതിയ അനുഭവങ്ങളുടെ സമാഹാരമായ 'അമ്മക്കടല്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം, അമൃതകീര്‍ത്തി പുരസ്‌കാരം നല്‍കി പി.ആര്‍. നാഥനെ ആദരിക്കല്‍, കൊച്ചിയിലും ഫരീദാബാദിലും ഉള്ള അമൃത ആശുപത്രികളില്‍ നടത്താന്‍ പോകുന്ന സൗജന്യ ശാസ്ത്രക്രിയകളുടെ പ്രഖ്യാപനം, അമൃത യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള 'അസിസ്റ്റീവ് ടെക്‌നോളജി ഇന്‍ എജ്യൂക്കേഷന്‍' എന്ന വിഭാഗത്തിന്റെ പുതിയ യുനെസ്‌കോ ചെയറിന്റെ പ്രഖ്യാപനം, കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ പാവപ്പെട്ടവര്‍ക്ക് 6000 ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു കൊടുക്കുന്നതിന്റെ പ്രഖ്യാപനം, പുതിയ ആശ്രമപ്രസിദ്ധീകരണങ്ങളുടെ പ്രകാശനം, അതിഥികളുടെ പ്രഭാഷണങ്ങള്‍, അമൃതശ്രീ സ്വയംസഹായ സംഘാംഗങ്ങള്‍ക്കുള്ള സാരി വിതരണം, സമൂഹ വിവാഹം എന്നിവയും ചടങ്ങിന്റെ ഭാഗമായി നടക്കും.
തുടര്‍ന്ന്,അമ്മയുടെ ദര്‍ശനം ആരംഭിക്കും, അതോടൊപ്പം ദര്‍ശനവേദിയില്‍ കലാപരിപാടികളും അരങ്ങേറും.