ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി പരീക്ഷാ ചോദ്യക്കടലാസില്‍ കുറിച്ച അന്താരാഷ്ട്ര ഭീകരസംഘടനകളുടെ പേരുകളും തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളുടെ ചിത്രങ്ങളും ദുരൂഹം: അന്വേഷണത്തിന് കേന്ദ്ര ഏജന്‍സി എത്തും
കണ്ണൂര്‍: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി പരീക്ഷാ ചോദ്യക്കടലാസില്‍ കുറിച്ച അന്താരാഷ്ട്ര ഭീകരസംഘടനകളുടെ പേരുകളും തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളുടെ ചിത്രങ്ങളും വെറും കൗതുകമാണോ എന്ന് പരിശോധിക്കാന്‍ തീരുമാനം. കേന്ദ്ര ഏജന്‍സികള്‍ അടക്കം ഇത് അന്വേഷിക്കും. പഠനത്തില്‍ ശരാശരി നിലവാരം പുലര്‍ത്തുന്ന കുട്ടി തീവ്രവാദസംഘടനകളുടെ പേരുകള്‍ കൃത്യമായി എങ്ങനെ മനസ്സിലാക്കിയെന്നാകും പരിശോധിക്കുക.
കണ്ണൂര്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥി ഈ മാസം നടന്ന പാദവാര്‍ഷിക പരീക്ഷയിലെ സാമൂഹ്യശാസ്ത്രം ചോദ്യക്കടലാസിന്റെ ഒന്നാം പേജിലാണ് ഭീകരസംഘടനകളുടെ പേരുകള്‍ എഴുതിയത്. കൈത്തോക്കില്‍നിന്ന് ചിതറുന്ന വെടിയുണ്ടകളുടെയും വാളുകളുടെയും ചിത്രങ്ങള്‍ക്കൊപ്പമാണ് ഭീകരസംഘടനകളുടെ പേരുകള്‍ തെറ്റില്ലാതെ ചെറുതും വലുതുമായ അക്ഷരത്തിലെഴുതിയത്. പോലീസിനെ ഇക്കാര്യം അറിയിച്ചത് സ്‌കൂള്‍ അധികൃതരാണ്.
ചോദ്യക്കടലാസിന്റെ വലതുഭാഗത്ത് ലഷ്‌കര്‍ ഇ ത്വയിബ, ജെയ്‌ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകളുടെ പേരും ഇടതുഭാഗത്ത് ഹമാസ്, ഹൂതി എന്നീ വാക്കുകളുമാണ് എഴുതിയിരിക്കുന്നത്. ഒരിടത്ത് മൊസാദ് എന്നും. പേരിന് നേരേതാഴെ തോക്കില്‍നിന്ന് വെടിയുണ്ട ചിതറുന്ന ചിത്രവും രണ്ട് വാളുകളും വരച്ചിട്ടുണ്ട്. ഹമാസ്, ഹൂതി, ലഷ്‌കര്‍ ഇ ത്വയിബ എന്നീ പേരുകള്‍ വലിയ അക്ഷരത്തില്‍ എഴുതി.
പരീക്ഷയുടെ ആദ്യത്തെ 15 മിനിറ്റ് സമാശ്വാസസമയത്ത് കുട്ടികള്‍ പലരും ചോദ്യക്കടലാസ് വായനയില്‍ മുഴുകിയപ്പോള്‍ത്തന്നെ ഈ കുട്ടി ചോദ്യക്കടലാസില്‍ ഇതെല്ലാം എഴൈുതി. ചോദ്യങ്ങളും നിര്‍ദേശങ്ങളും ശ്രദ്ധാപൂര്‍വം വായിച്ച് ഉത്തരമെഴുതണമെന്ന് അധ്യാപിക ആവശ്യപ്പെട്ടെങ്കിലും ശ്രദ്ധിച്ചില്ല. പിന്നീട് അധ്യാപിക ചോദ്യക്കടലാസ് പരിശോധിച്ചപ്പോഴാണ് എഴുത്തും ചിത്രങ്ങളും കണ്ടത്. വിദ്യാര്‍ഥിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി കാര്യങ്ങള്‍ വിശദമാക്കിയശേഷമാണ് പോലീസില്‍ വിവരമറിയിച്ചത്.