അമ്മ തൊട്ടിലില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മൂന്ന് പെണ്‍കുട്ടികള്‍; കുട്ടികളെത്തിയത് ആലപ്പുഴയിലും തിരുവനന്തപുരത്തും
അമ്മ തൊട്ടിലില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മൂന്ന് പെണ്‍കുട്ടികള്‍
തിരുവനന്തപുരം: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അമ്മ തൊട്ടിലില്‍ എത്തിയത് മൂന്നു പെണ്‍കുരുന്നുകള്‍. ശിശുക്ഷേമസമിതിയുടെ തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളിലെ അമ്മത്തൊട്ടിലുകളിലാണ് കുട്ടികളെത്തിയത്. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലര്‍ച്ചെയുമായെത്തിയ കുഞ്ഞുങ്ങള്‍ക്ക് അഹിംസ, അക്ഷര, വീണ എന്നു പേരിട്ടു. അമ്മത്തൊട്ടിലിലേക്ക് എത്തിയ ദിവസങ്ങളുടെ പ്രത്യേകതയായ നവരാത്രിയും ഗാന്ധിജയന്തിയുമാണ് പേരിനു പിന്നില്‍.
ബുധനാഴ്ച രാത്രി എട്ടിനാണ് തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ആറുദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കിട്ടിയത്. ആലപ്പുഴയില്‍ അര്‍ധരാത്രി 12.55-ന് 20 ദിവസം പ്രായമുള്ള കുഞ്ഞും വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയ്ക്ക് രണ്ടാഴ്ച പ്രായമുള്ള പെണ്‍കുഞ്ഞിനെയും കിട്ടി. ഈ വര്‍ഷം ഇതുവരെ 23 കുട്ടികളെയാണ് അമ്മത്തൊട്ടിലുകള്‍ വഴി ലഭിച്ചത്. 14 പെണ്‍കുട്ടികളും ഒന്‍പത് ആണ്‍കുട്ടികളുമാണ് ഇതിലുള്ളത്. കുഞ്ഞുങ്ങളുടെ ദത്തെടുക്കല്‍ നടപടികള്‍ ആരംഭിക്കേണ്ടതിനാല്‍ അവകാശികള്‍ ആരെങ്കിലുമുണ്ടെങ്കില്‍ സമിതിയുമായി ബന്ധപ്പെടണമെന്ന് ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപി അറിയിച്ചു.