മാലിന്യം വീട്ടില്‍ തന്നെ സംസ്‌ക്കരിക്കുന്നവര്‍ക്ക് കെട്ടിട നികുതിയില്‍ ഇളവ്; അഞ്ച് ശതമാനം ഇളവ് നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി
മാലിന്യം വീട്ടില്‍ തന്നെ സംസ്‌ക്കരിക്കുന്നവര്‍ക്ക് കെട്ടിട നികുതിയില്‍ ഇളവ്
തിരുവനന്തപുരം: മാലിന്യം ഉറവിടത്തില്‍ത്തന്നെ സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന വീടുകള്‍ക്ക് കെട്ടിടനികുതിയില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍. വര്‍ഷം അഞ്ചുശതമാനം ഇളവ് നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇത് സംബന്ധിച്ച് തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി. ഇളവ് കിട്ടാന്‍ വീട്ടുടമ ഹരിതമിത്രം അല്ലെങ്കില്‍ കെ-സ്മാര്‍ട്ട് ആപ്പുവഴി അപേക്ഷ നല്‍കണം. ഉപയോഗിക്കുന്ന സംവിധാനമെന്തെന്നും അറിയിക്കണം.
ശുചിത്വമിഷന്‍ അംഗീകരിച്ചിട്ടുള്ള ഉറവിടമാലിന്യസംസ്‌കരണ ഉപാധികള്‍ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കാണ് ഇളവ്. 23 ഉപാധികളാണ് അംഗീകരിച്ചിട്ടുള്ളത്. വാര്‍ഡിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഹരിതകര്‍മസേനയുടെ സഹായത്തോടെ അന്വേഷിച്ച് സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കി റിപ്പോര്‍ട്ട് നല്‍കണം. ഇതു പരിഗണിച്ച് ഒരുവര്‍ഷം നികുതിയിളവ് നല്‍കും. പ്രവര്‍ത്തനം പരിശോധിച്ച് തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഇളവ് അനുവദിക്കാം.
കേരളത്തില്‍ 26 ശതമാനം വീടുകളില്‍മാത്രമാണ് ഉറവിടമാലിന്യസംസ്‌കരണ സംവിധാനങ്ങളുള്ളതെന്ന് കുടുംബശ്രീ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. എല്ലാവീടുകളിലും ഘട്ടംഘട്ടമായി ഇത് ഉറപ്പാക്കാനാണ് സര്‍ക്കാരിന്റെ നടപടി.
അംഗീകൃത മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍
വെര്‍മി കമ്പോസ്റ്റിങ്, റിങ് കമ്പോസ്റ്റിങ്, മണ്‍കല കമ്പോസ്റ്റിങ്, ബയോ പെഡസ്റ്റല്‍ യൂണിറ്റ്, മോസ് പിറ്റ്, മുച്ചട്ടി ബിന്‍, പോര്‍ട്ടബിള്‍ ബയോബിന്‍ യൂണിറ്റ്, മിനി ബയോ പെഡസ്റ്റല്‍, പോര്‍ട്ടബിള്‍ എച്ച്ഡിപിഇ അല്ലെങ്കില്‍ ബക്കറ്റ് കമ്പോസ്റ്റിങ്, കുഴി കമ്പോസ്റ്റിങ്, പൈപ്പ് കമ്പോസ്റ്റിങ്, കിച്ചണ്‍ ബിന്‍, ബയോ കമ്പോസ്റ്റര്‍ ബിന്‍, ജി ബിന്‍-3ബിന്‍, ജി ബിന്‍-2 ബിന്‍, വി കമ്പോസ്റ്റര്‍, സ്മാര്‍ട്ട് ബയോ ബിന്‍, ബൊക്കാഷി ബക്കറ്റ്, വെര്‍മിയോണ്‍ കിച്ചന്‍ വേസ്റ്റ് ട്രീറ്റ്മെന്റ് യൂണിറ്റ്, കിച്ചണ്‍ വേസ്റ്റ് ഡൈജസ്റ്റര്‍, ഓര്‍ഗാനിക് കമ്പോസ്റ്റിങ് ബിന്‍, പോര്‍ട്ടബിള്‍ ബയോഗ്യാസ് യൂണിറ്റ്, കൊതുകുശല്യമില്ലാത്ത ബയോഗ്യാസ് പ്ലാന്റ്.