'രോഗനിര്‍ണ്ണയത്തിനു മാത്രമായ ആശുപത്രിവാസം' എന്ന കാരണത്താല്‍ ക്ലെയിം തള്ളി; മെഡിക്കല്‍ ഇന്‍ഷുറന്‍സ് റീ ഇമ്പേഴ്‌സ്‌മെന്റ് നല്‍കിയില്ല; ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

Update: 2025-10-07 15:30 GMT

കൊച്ചി: മെഡിക്കല്‍ ഇന്‍ഷുറന്‍സ് ക്ലെയിം റീ ഇമ്പേഴ്‌സമെന്റ് നല്‍കാത്ത ഇന്‍ഷുറന്‍സ് കമ്പനിയുടെ നടപടി സേവനത്തിലെ ന്യൂനതയാണെന്നും ആയതിനു ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടു.

എറണാകുളം, തേവര സ്വദേശി പി. എം. ജോര്‍ജ്, ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ നല്‍കിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്. പരാതിക്കാരന്‍ യൂണിയന്‍ ബാങ്ക് മുഖേന ലഭ്യമായ ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ Union Health Care Insurance പോളിസി ഉപഭോക്താവ് ആയിരുന്നു. പോളിസി ഹോള്‍ഡര്‍ ആയ പരാതിക്കാരന്‍ സ്‌കീം പ്രകാരം ചികിത്സച്ചെലവായി വന്ന 61,228.99 രൂപ ആവശ്യപ്പെട്ടിരുന്നു. ഇന്‍ഷുറന്‍സ് കമ്പനി 'രോഗനിര്‍ണ്ണയത്തിനു മാത്രമായി ആശുപത്രിയില്‍ വേശിപ്പിച്ചുവെന്ന കാരണം പറഞ്ഞ് അപേക്ഷ നിരാകരിച്ചു.

'' രോഗനിര്‍ണ്ണയത്തിനു മാത്രമായ ആശുപത്രിവാസം'' എന്ന കാരണത്താല്‍ ക്ലെയിം തള്ളിയത് നിയമവിരുദ്ധമാണെന്നും ഇന്‍ഷുറന്‍സ് പോളിസിയുടെ വ്യവസ്ഥകള്‍ തെറ്റായി പ്രയോഗിച്ചതാണെന്നും ഡി.ബി. ബിനു അദ്ധ്യക്ഷനും വി. രാമചന്ദ്രന്‍, ശ്രീവിദ്യ ടി.എന്‍. എന്നിവര്‍ അംഗങ്ങളായ ബഞ്ച് നിരീക്ഷിച്ചു.

രോഗലക്ഷണങ്ങള്‍ അടിസ്ഥാനമാക്കി രോഗനിര്‍ണ്ണയത്തിനായി നടത്തിയ പരിശോധനകള്‍ ചികിത്സയുടെ ഭാഗമാണെന്നും കോടതി കണ്ടെത്തി.

''ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ രോഗികള്‍ക്ക് അപ്രതീക്ഷിത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ സംരക്ഷണം നല്‍കാനാണ്. വ്യക്തമായ ചികിത്സാ തെളിവുകള്‍ ഉണ്ടായിരിക്കെ, തെറ്റായ വ്യാഖ്യാനത്തിന്റെ പേരില്‍ നിരസിക്കുന്നത് അനീതിയാണെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

പരാതിക്കാരന് ചികിത്സ ചെലവായ 60,783.30 രൂപ നല്‍കണം. കൂടാതെ സേവനത്തിലെ പിഴവിനും മാനസിക ബുദ്ധിമുട്ടിനും 10,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 5,000 രൂപയും 30 ദിവസത്തിനകം നല്‍കണമെന്ന് എതിര്‍കക്ഷിക്ക് കോടതി ഉത്തരവ് നല്‍കി.

പരാതിക്കാരന് വേണ്ടി അഡ്വ. റെയ്‌നോള്‍ഡ് ഫെര്‍ണാണ്ടസ് കോടതിയില്‍ ഹാജരായി.

Tags:    

Similar News