വഞ്ചിപ്പാട്ട് പരിശീലിപ്പിച്ചതിന്റെ പണം ചോദിച്ചതിന് മര്‍ദ്ദനം; എസ്എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ കേസ്
പത്തനംതിട്ട: തിരുവല്ലയില്‍ വഞ്ചിപ്പാട്ട് കലാകാരനെ എസ്എഫ്‌ഐ നേതാക്കള്‍ മര്‍ദ്ദിച്ചെന്ന് പരാതി. കലോല്‍സവത്തിനായി വഞ്ചിപ്പാട്ട് പരിശീലിപ്പിച്ചതിന്റെ പണം ചോദിച്ചതിനാണ് മര്‍ദ്ദനമെന്ന് കലാകാരന്‍ ആരോമല്‍ ശിവ പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തു.
വഞ്ചിപ്പാട്ട് കലാകാരനായ ആരോമല്‍ ശിവയെ തിരുവല്ല സ്റ്റേഡിയത്തിന് സമീപത്ത് വെച്ച് ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് പരാതി. ഹെല്‍മറ്റ് കൊണ്ട് തലക്കടിച്ചെന്നും നിലത്തിട്ട് ചവിട്ടിയതായും ആരോമല്‍ ശിവ പറയുന്നു.
എസ്എഫ്‌ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി അനന്ദു മധു, പ്രസിഡന്റ് കിരണ്‍ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ കുട്ടികളെയാണ് എംജി കലോല്‍സവത്തിനായി ആരോമല്‍ ശിവ ഒരു വര്‍ഷം മുന്‍പ് വഞ്ചിപ്പാട്ട് പരിശീലിപ്പിച്ചത്. അതേസമയം മര്‍ദ്ദിച്ചിട്ടില്ലെന്നും വിദ്യാര്‍ഥികളും പരിശീലകനുമായുള്ള പ്രശ്‌നം സംസാരിച്ചു തീര്‍ക്കാന്‍ ശ്രമിച്ചെന്നുമാണ് എസ്എഫ്‌ഐ നേതൃത്വത്തിന്റെ വിശദീകരണം.