കൊടും ചൂടാണ്...സൂക്ഷിച്ചില്ലെങ്കിൽ ജീവൻ തന്നെ അപകടത്തിലാകും; രാജവെമ്പാലകളെ കൊണ്ട് പൊറുതിമുട്ടി മലപ്പുറം ജില്ലക്കാർ; വനം വകുപ്പിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്
മലപ്പുറം: വേനൽ കടുത്തതോടെ മലപ്പുറം ജില്ലയുടെ മലയോര മേഖലകളിലെ ജനവാസ കേന്ദ്രങ്ങളിൽ രാജവെമ്പാലയടക്കമുള്ള വിഷപ്പാമ്പുകളുടെ സാന്നിധ്യം വർദ്ധിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ നാനൂറിലധികം പാമ്പുകളെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വനംവകുപ്പ് പിടികൂടിയത്. ഇതിൽ, നിലമ്പൂർ ഉൾപ്പെടെയുള്ള മലയോര പ്രദേശങ്ങളിൽ നിന്ന് കഴിഞ്ഞ പത്ത് ദിവസത്തിനിടെ ആറ് രാജവെമ്പാലകളെ പിടികൂടിയത് പൊതുജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് വനംവകുപ്പ് പൊതുജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി.
കഴിഞ്ഞ ദിവസം മമ്പാട് വീട്ടിക്കുന്ന് നഗർ, പാലേമാടിന് സമീപം മരുത എന്നിവിടങ്ങളിൽ നിന്ന് രണ്ട് രാജവെമ്പാലകളെ പിടികൂടിയിരുന്നു. പാറക്കെട്ടുകൾക്കിടയിൽ ഒളിച്ചിരുന്ന ഒരു പാമ്പിനെ നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ദ്രുതകർമ്മസേനാംഗങ്ങൾക്ക് വലയിലാക്കാൻ സാധിച്ചത്. മൂർഖൻ, അണലി, പെരുമ്പാമ്പ് തുടങ്ങിയ വിവിധ ഇനങ്ങളിൽപ്പെട്ട പാമ്പുകളാണ് ഒരു മാസത്തിനിടെ പിടികൂടിയവയിൽ ഉൾപ്പെടുന്നത്. പിടികൂടുന്ന പാമ്പുകളെ നിരീക്ഷണത്തിന് ശേഷം ഉൾക്കാടുകളിലേക്ക് തുറന്നുവിടുകയാണ് ചെയ്യുന്നതെന്ന് അധികൃതർ വ്യക്തമാക്കി. വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്ന സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മുന്നറിയിപ്പ് നൽകി.
രാത്രികാലങ്ങളിൽ പുറത്തിറങ്ങുമ്പോൾ ടോർച്ച് നിർബന്ധമായും ഉപയോഗിക്കണമെന്നും പാതയോരങ്ങളിലെ കുറ്റിക്കാടുകൾക്കും കല്ലുകൾക്കും സമീപം നടക്കുമ്പോൾ ശ്രദ്ധിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. വീടിന് ചുറ്റുമുള്ള കാടുകളും പാഴ്വസ്തുക്കളും നീക്കം ചെയ്യുക, വിറക് പുരകൾ, പഴയ ടയറുകൾ, കല്ല് കൂനകൾ എന്നിവ പാമ്പുകൾക്ക് ഒളിച്ചിരിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളാണെന്നും ശ്രദ്ധിക്കണമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
തണുപ്പ് തേടി പാമ്പുകൾ വീടിനുള്ളിൽ പ്രവേശിക്കാൻ സാധ്യതയുള്ളതിനാൽ വൈകുന്നേരങ്ങളിൽ വാതിലുകളും ജനലുകളും കൃത്യമായി അടയ്ക്കേണ്ടത് അത്യാവശ്യമാണ്. പാമ്പിനെ കണ്ടാൽ പ്രകോപിപ്പിക്കാനോ സ്വയം പിടികൂടാനോ ശ്രമിക്കാതെ, വനംവകുപ്പിനെയോ അംഗീകൃത പാമ്പ് പിടുത്തക്കാരെയോ ഉടൻ വിവരം അറിയിക്കണമെന്നും ജാഗ്രതാ നിർദ്ദേശങ്ങളിൽ പറയുന്നു.