ആര്‍ജി കര്‍ ബലാത്സംഗ കേസ്; പ്രതിയുടെ അനന്തിരവള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍: മൃതദേഹം കണ്ടെത്തിയത് അലമാരയ്ക്കുള്ളില്‍ തൂങ്ങിയ നിലയില്‍
ആര്‍ജി കര്‍ ബലാത്സംഗ കേസ്; പ്രതിയുടെ അനന്തിരവള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍
കൊല്‍ക്കത്ത: കൊല്‍ക്കത്തയെ ഞെട്ടിച്ച ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയുടെ അനന്തരവളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച ബൊവാനിപൊരേയിലെ വീട്ടിനുള്ളിലെ കബോര്‍ഡിനുള്ളില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് കുട്ടിയെ കണ്ടത്. ഉടന്‍ തന്നെ എസ്എസ്‌കെഎം ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതാണോ അതോ ആത്മഹത്യ ചെയ്തതാണോ എന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ആര്‍ജി കര്‍ ബലാത്സംഗ കേസിലെ പ്രതിയായ സഞ്ജയ് റോയിയുടെ അനന്തരവളായ സുരഞ്ജന സിംഗിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല എന്നാണ് വിവരം. മരിച്ച കുട്ടിയുടെ അമ്മ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് പറയുന്നത്. അതിനുശേഷം, പെണ്‍കുട്ടിയുടെ അച്ഛന്‍ ഭാര്യയുടെ ഇളയ സഹോദരിയെ വിവാഹം കഴിച്ചു.
കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാര്‍ രണ്ടാനമ്മയേയും അച്ഛനേയും കയ്യേറ്റം ചെയ്തിരുന്നു. സുരഞ്ജനയുടെ പിതാവായ ഭോലാ സിംഗും രണ്ടാനമ്മ പൂജയും ചേര്‍ന്ന് കുട്ടിയെ കയ്യേറ്റം ചെയ്തിരുന്നതായാണ് അയല്‍വാസികള്‍ ആരോപിക്കുന്നത്. നാട്ടുകാര്‍ പൂജയെ മുടിയില്‍ പിടിച്ച് വലിച്ചിഴച്ച് കൊണ്ട് പോയി മര്‍ദ്ദിച്ചതായും ഭോലാ സിംഗിനെ ചെരിപ്പുകൊണ്ട് മര്‍ദ്ദിച്ചതായും ദൃക്‌സാക്ഷികള്‍ ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നുണ്ട്.
സഞ്ജയ് റോയിയുടെ സഹോദരി ബബിതയെ ആയിരുന്നു ഭോല സിംഗ് ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധത്തിലുള്ള മകളാണ് കൊല്ലപ്പെട്ടത്. അലമാരിക്കുള്ളിലെ ഹാംഗറിലുണ്ടായിരുന്ന തുണിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൂജ ആശുപത്രിയില്‍ പോയി തിരിച്ച് എത്തുമ്പോഴാണ് 11 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പലതവണ വിളിച്ചിട്ടും കുട്ടിയില്‍ നിന്നും പ്രതികരണമൊന്നും ലഭിക്കാത്തതിനാല്‍ വാതില്‍ തകര്‍ത്ത് വീടിനുള്ളില്‍ കയറി. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അലമാരയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
കുട്ടിയുടെ രക്ഷിതാക്കള്‍ 11കാരിയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നതായാണ് അയല്‍വാസികള്‍ ആരോപിക്കുന്നത്. രാത്രി വൈകിയും പുലര്‍ച്ചെയും കുട്ടിയെ വീട്ടില്‍ നിന്ന് ഇറക്കി വിടുന്നത് പതിവായിരുന്നുവെന്നും ബെല്‍റ്റിന് അടിക്കുകയും തല ഭിത്തിയില്‍ പിടിച്ച് ഇടിച്ചിരുന്നതായുമാണ് അയല്‍വാസികള്‍ ആരോപിക്കുന്നത്. കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതാണോ അതോ ആത്മഹത്യ ചെയ്തതാണോ എന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.