ആര്‍ ശങ്കര്‍ പ്രതിമയോട് കോര്‍പ്പറേഷന്‍ കാണിച്ചത് തികഞ്ഞ അനാദരവ്: രമേശ് ചെന്നിത്തല; പ്രതിഷേധിച്ച് കോണ്‍ഗ്രസ്

Update: 2025-11-07 08:25 GMT

തിരുവനന്തപുരം: ഐക്യകേരളത്തിന്റെ മുഖ്യമന്ത്രിയും നവോത്ഥാന നായകനുമായ ആര്‍. ശങ്കറിന്റെ പ്രതിമയോട് തിരുവനന്തപുരം കോര്‍പ്പറേഷന്‍ കാണിച്ചത് തികഞ്ഞ അനാദരവാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ആര്‍.ശങ്കര്‍ ഫൗണ്ടേഷന് പതിച്ചു കൊടുത്ത സ്ഥലത്ത് വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ കോര്‍പ്പറേഷന്‍ കടന്നു കയറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നശിപ്പിക്കുകയായിരുന്നു. അവിടെ കേറി അതിക്രമം കാട്ടാന്‍ കോര്‍പ്പറേഷന് ഒരു അധികാരവുമില്ല. ഇത് കേരള ചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരാളിന്റെ ഓര്‍മ്മ പോലും തകര്‍ത്തു കളയാനുള്ള വ്യഗ്രതയാണ്. ആര്‍ ശങ്കറിന്റെ ഓര്‍മ്മ ദിനത്തിനു തൊട്ടു മുമ്പാണ് കോര്‍പ്പറേഷന്‍ ഈ വൃത്തികേട് കാണിച്ചിരിക്കുന്നത്. ഇത് അനുവദിക്കില്ല. കോര്‍പറേഷനെ കൊണ്ടും അതിന്റെ ഭരണാധികാരികളെ കൊണ്ടും മറുപടി പറയിക്കും - ചെന്നിത്തല പറഞ്ഞു.

മുന്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന ആര്‍. ശങ്കറിന്റെ 53-ാം ചരമവാര്‍ഷിക ദിനത്തില്‍ ആര്‍. ശങ്കര്‍ ഫൗണ്ടേഷന്‍ ഓഫ് കേരളയുടെ ആഭിമുഖ്യത്തില്‍ പാളയത്തുള്ള ആര്‍ ശങ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്താനായി രമേശ് ചെന്നിത്തല അടക്കമുള്ള മുതിര്‍ന്ന നേതാക്കന്മാര്‍ എത്തിയപ്പോഴാണ് പ്രതിമയുടെ ഒരു ഭാഗം തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധ സമരം നടത്തി.

Similar News