പൂജാ ബമ്പര്‍ ടിക്കറ്റ് വില്‍പ്പനയില്‍ വന്‍ ഇടിവ്; നറുക്കെടുപ്പിന് രണ്ടാഴ്ച ബാക്കിനില്‍ക്കെ വിറ്റു തീര്‍ന്നത് 26 ലക്ഷം ടിക്കറ്റുകള്‍ മാത്രം
പൂജാ ബമ്പര്‍ ടിക്കറ്റ് വില്‍പ്പനയില്‍ വന്‍ ഇടിവ്
കാഞ്ഞങ്ങാട്: കേരള ഭാഗ്യക്കുറിയുടെ പൂജാ ബമ്പര്‍ ടിക്കറ്റ് വില്പനയില്‍ അടുത്തകാലത്തൊന്നുമില്ലാത്ത വിധത്തില്‍ ഇടിവ്. നറുക്കെടുപ്പിന് രണ്ടാഴ്ച ബാക്കിനില്‍ക്കെ 26 ലക്ഷം ടിക്കറ്റുകള്‍ മാത്രമാണ് വിറ്റു തീര്‍ന്നത്. കഴിഞ്ഞവര്‍ഷം 45 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ 39 ലക്ഷം വിറ്റിരുന്നു. നറുക്കെടുപ്പിന് രണ്ടാഴ്ച മുന്‍പത്തെ വില്പനക്കണക്കെടുത്താല്‍ കഴിഞ്ഞ വര്‍ഷം 32 ലക്ഷത്തിലേറെ ടിക്കറ്റുകള്‍ വിറ്റിരുന്നു.
ലോട്ടറി കാര്യാലയങ്ങളില്‍നിന്ന് പൂര്‍ണമായും വിതരണം ചെയ്യുന്നുണ്ടെങ്കിലും പ്രതിദിന ലോട്ടറി ടിക്കറ്റുകള്‍ പല ദിവസങ്ങളിലും ചെറുകിട ഏജന്റുമാരുടെ കൈകളില്‍ ബാക്കിയാണ്. 300 രൂപയുടെ പൂജാബമ്പര്‍ ടിക്കറ്റിന്റെ ഒന്നാം സമ്മാനം 12 കോടി രൂപയാണ്. ഇക്കുറി നവരാത്രിയും വിജയദശമിയും കഴിഞ്ഞാണ് പൂജാ ബമ്പര്‍ പുറത്തിറക്കിയത്. തിരുവോണം ബമ്പര്‍ ടിക്കറ്റിന്റെ നറുക്കെടുപ്പ് നീട്ടിവെച്ചതിനാലാണ് പൂജാ ബമ്പര്‍ ടിക്കറ്റിന്റെ വിതരണം തുടങ്ങാന്‍ വൈകിയത്. ജിഎസ്ടി വര്‍ധനയ്ക്കുശേഷം ഏജന്‍സി കമ്മിഷനിലും സമ്മാന കമ്മിഷനിലും വലിയ കുറവാണ് ഉണ്ടായത്.
ഇതു ലോട്ടറിത്തൊഴിലാളികളുടെ നിത്യവരുമാനത്തെ ബാധിച്ചിരിക്കുന്ന സമയത്താണ് ബമ്പര്‍ വില്പനയും പ്രതീക്ഷിച്ച രീതിയില്‍ നടക്കാത്തത്. ഏജന്‍സി കമ്മിഷനിലും സമ്മാന കമ്മിഷനിലും വരുത്തിയ കുറവ് പരിഹരിക്കുമെന്ന് ധനമന്ത്രി പറഞ്ഞിരുന്നെങ്കിലും നടപ്പായില്ല. മൊത്തവിതരണക്കാരില്‍ നിന്നെടുത്ത് വില്പന ചെയ്യുമ്പോള്‍ ചെറുകിട ഏജന്റുമാര്‍ക്ക് 50 രൂപ ടിക്കറ്റിന് 7.35 രൂപയായിരുന്നു ഇതുവരെ കിട്ടിക്കൊണ്ടിരുന്നത്. ജിഎസ്ടി വര്‍ധന നടപ്പായതോടെ ഇതു 6.35 രൂപയായി.