തിരുവനന്തപുരത്ത് ജീവനൊടുക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ തമ്പിയുടെ അമ്മ അന്തരിച്ചു; അന്ത്യം കടുത്ത പനിയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സീറ്റ് നല്‍കാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ തമ്പിയുടെ അമ്മ ശാന്ത ടീച്ചര്‍ അന്തരിച്ചു. ആനന്ദിന്റെ ആത്മഹത്യയില്‍ കടുത്ത മാനസീക ബുദ്ധിമുട്ടില്‍ കഴിയുകയായിരുന്നു ഇവര്‍. കടുത്ത പനിമൂലം പാങ്ങോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കെയാണ് അന്ത്യം സംഭവിച്ചത്. പ്രശാന്ത് കെ തമ്പി പരേതനായ ആനന്ദ് കെ തമ്പി എന്നിവരാണ് മക്കള്‍. കേശവന്‍ തമ്പിയാണ് ഭര്‍ത്താവ്.
തൃക്കണ്ണാപ്പുരത്ത് സ്ഥാനാര്‍തിത്വം നിഷേധിച്ചതിനെ തുടര്‍ന്നാണ് ആനന്ദ് ആത്മഹത്യ ചെയ്തത്. ബിജെപിയെ പ്രതിസ്ഥാനത്ത് നിര്‍ത്തിയ സംഭവം വലിയ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. നവംബര്‍ 15നായിരുന്നു സംഭവം. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദിന്റെ ആത്മഹത്യ സീറ്റ് നിഷേധിച്ചതിലെ മനോവിഷമം മൂലമെന്നായിരുന്നു പൊലീസിന്റെ എഫ്‌ഐആര്‍. ബന്ധുവിന്റെ മൊഴിയിലാണ് പൂജപ്പുര പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സഹോദരി ഭര്‍ത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.
ആനന്ദിന് കുടുംബപ്രശ്‌നങ്ങളോ വ്യക്തിപരമായ മറ്റു പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ല. കോര്‍പ്പറേഷനിലേക്ക് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനാല്‍ വലിയ മനോവിഷമത്തിലായിരുന്നു. ഇതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് തന്റെ അറിവെന്നാണ് സഹോദരി ഭര്‍ത്താവിന്റെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ആനന്ദ് സുഹൃത്തുക്കള്‍ക്കയച്ച വാട്‌സ് അപ്പ് കുറിപ്പിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സുഹൃത്തുക്കളില്‍ നിന്ന് മൊഴിയെടുത്തിരുന്നു.
വാട്‌സാപ്പ് സന്ദേശം കിട്ടിയ ചില സുഹൃത്തുക്കളാണ് തൃക്കണ്ണാപുരത്തെ വീടിന് പിന്നിലെ ഷെഡില്‍ ആനന്ദിനെ തൂങ്ങിമരിക്കാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. അതേസമയം, ആനന്ദിന് ബിജെപി ബന്ധമില്ലെന്ന ബിജെപി ജില്ലാ പ്രസിഡന്റ് സുരേഷിന്റെ പരാമര്‍ശവും വലിയ വിമര്‍ശനമുയര്‍ത്തി. ആത്മഹത്യക്ക് പിന്നാലെ ആനന്ദിനെ സുരേഷ് തള്ളിപ്പറഞ്ഞിരുന്നു . ഇതിനെതിരായായിരുന്നു ആര്‍എസ്എസ് വിമര്‍ശനം. രാഷ്ട്രീയം ഒരാളെ എത്രമാത്രം അധഃപതിപ്പിക്കാം എന്ന് സുരേഷ് കാണിച്ചുതന്നുവെന്ന് സുരേഷിനെതിരെ വിമര്‍ശനമുന്നയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പില്‍ ശാസ്തമംഗലം മണ്ഡല്‍ കാര്യവാഹ് അഖില്‍ മനോഹര്‍ കുറിച്ചു.
