നാട്ടുകാരെ പരിഭ്രാന്തരാക്കി നടുറോഡില്‍ പടക്കം പൊട്ടിച്ച് പുതുവത്സര ആഘോഷം; യുവാക്കള്‍ക്കെതിരെ കേസെടുത്ത് പോലിസ്
നടുറോഡില്‍ പടക്കം പൊട്ടിച്ച് പുതുവത്സര ആഘോഷം; യുവാക്കള്‍ക്കെതിരെ കേസ്
മാനന്തവാടി: മദ്യലഹരിയില്‍ നട്ടുച്ചയ്ക്കു നടുറോഡില്‍ പടക്കംപൊട്ടിച്ച് പുതുവത്സരം ആഘോഷിച്ച മൂന്നാളുടെപേരില്‍ മാനന്തവാടി പോലീസ് കേസെടുത്തു. ജനങ്ങളെ പരിഭ്രാന്തരാക്കി പടക്കം പൊട്ടിച്ച് ആഘോഷിട്ട മാനന്തവാടി വിമലനഗര്‍ ഒഴക്കോടി കുന്നുംപുറത്ത് വീട്ടില്‍ ദീപേഷ് മോഹനന്‍ (35), മാനന്തവാടി ചൂട്ടക്കടവ് കളത്തില്‍ ഇ.കെ. പ്രജിത്ത് (34) പാണ്ടിക്കടവ് മുസ്ലിയാര്‍ ഹൗസില്‍ എം. മുനീര്‍ (39) എന്നിവരുടെ പേരിലാണ് മാനന്തവാടി പോലീസ് കേസെടുത്തത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.30-ഓടെ മാനന്തവാടി നഗരസഭാ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് വാഹനത്തിലെത്തി യുവാക്കള്‍ പരിഭ്രാന്തി സൃഷ്ടിച്ചത്.
ബസ് സ്റ്റാന്‍ഡ് പരിസരത്ത് പടക്കമെറിഞ്ഞശേഷം കടന്നുകളഞ്ഞ സംഘം എല്‍എഫ് സ്‌കൂള്‍ കവലയിലും പടക്കമെറിഞ്ഞു. ഈ സമയം ഒട്ടേറെപ്പേര്‍ സമീപത്തുണ്ടായിരുന്നു. ഇതോടെ ജനങ്ങള്‍ ഭയചകിതരായി. ഇതുവഴി വന്ന പോലീസ്, വാഹനം കൈകാണിച്ചു നിര്‍ത്തിയപ്പോള്‍ വാഹനമോടിച്ച ദീപേഷ് മോഹനന്‍ മദ്യലഹരിയിലായിരുന്നുവെന്നു പോലീസ് നടത്തിയ പരിശോധനയില്‍ വ്യക്തമായി. വാഹനത്തില്‍നിന്നു സുരക്ഷാക്രമീകരണം പാലിക്കാതെ കൊണ്ടുപോവുകയായിരുന്ന പടക്കങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.
മനുഷ്യജീവന് അപാകമുണ്ടാവുന്നതരത്തില്‍ അശ്രദ്ധമായും മദ്യലഹരിയിലും വാഹനമോടിച്ചതിനും പോലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.