മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചു; രാത്രിയാത്രാ നിയന്ത്രണം തുടരും
പാലക്കാട്: പാലക്കാട് മലമ്പുഴയില്‍ സര്‍ക്കാര്‍ സ്‌കൂളിന് സമീപം പുലിയിറങ്ങിയ സാഹചര്യത്തില്‍ പിടികൂടാന്‍ കൂട് സ്ഥാപിച്ച് വനം വകുപ്പ്. മലമ്പുഴ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ജവഹര്‍ നവോദയ സ്‌കൂള്‍, ഗിരിവികാസ്, മലമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം, പൊലീസ് സ്റ്റേഷന്‍, ജില്ലാ ജയില്‍, ജലസേചന വകുപ്പ് ക്വാര്‍ട്ടേഴ്‌സുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലത്താണ് പുലി എത്തിയത്. ഇതോടെ, പ്രദേശത്ത സ്‌കൂളുകളിലെ പ്രവര്‍ത്തന സമയത്തിലും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പ്രദേശവാസികള്‍ സര്‍ക്കാര്‍ സ്‌കൂള്‍ പരിസരത്ത് ആദ്യം പുലിയെ കണ്ടത്. പിന്നാലെ വനം, ആര്‍ ആര്‍ ടി സംഘങ്ങളുടെ മുഴുവന്‍ സമയ നിരീക്ഷണവും ക്യാമറയും സ്ഥാപിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി വീണ്ടും പുലിയെ കണ്ടതായി നാട്ടുകാര്‍ വിവരമറിയിച്ചിരുന്നു. ഇതോടെയാണ് ഉന്നതതല യോഗം ചേര്‍ന്ന് കൂട് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. മലമ്പുഴയിലേക്ക് രാത്രിയാത്ര നിയന്ത്രണം ഇപ്പോഴും തുടരുകയാണ്.