'അഭിമാന താരത്തോടൊപ്പം'; മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ അതിഥിയായി നടി ഭാവന; ചിത്രം പങ്കുവച്ച് മന്ത്രി വി. ശിവന്‍കുട്ടി

Update: 2025-12-16 09:17 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് വിരുന്നില്‍ അതിഥിയായി നടി ഭാവന. ചൊവ്വാഴ്ച ഉച്ചയ്ക്ക് തലസ്ഥാനത്തുനടന്ന വിരുന്നിലാണ് നടി പങ്കെടുത്തത്. നടി വിരുന്നില്‍ പങ്കെടുത്തതിന്റെ ചിത്രം മന്ത്രി വി. ശിവന്‍കുട്ടിയുള്‍പ്പെടെ പങ്കുവെച്ചു. 'സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും മലയാളത്തിന്റെ അഭിമാനതാരം ഭാവനയ്ക്കും ഒപ്പം' എന്ന് കുറിച്ചാണ് ശിവന്‍കുട്ടി ചിത്രം പങ്കുവച്ചത്.

മതനേതാക്കള്‍, സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തകര്‍, രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്നുള്ളവര്‍ വിരുന്നില്‍ പങ്കെടുത്തു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കറെ വിരുന്നിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും ഗോവയിലായിരുന്നതിനാല്‍ അദ്ദേഹം പങ്കെടുത്തില്ല. ലോക്ഭവനില്‍ നടക്കുന്ന ഗവര്‍ണറുടെ വിരുന്നില്‍ മുഖ്യമന്ത്രി പങ്കെടുത്തേക്കും. 22-നാണ് ലോക്ഭവനിലെ വിരുന്ന്.

നേരത്തെ, 26-ാം കേരളാ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ നടി പങ്കെടുത്തിരുന്നു. ബംഗ്ലാദേശ് നടി അസ്മരി ഹഖ്, സംവിധായകന്‍ അനുരാഗ് കശ്യപ് എന്നിവര്‍ക്കൊപ്പമാണ് അന്ന് ഭാവന വേദിയിലെത്തിയത്. ചലച്ചിത്രമേള വേദിയില്‍ അപ്രതീക്ഷിത അതിഥിയായാണ് ഭാവന എത്തിയത്. ഉദ്ഘാടന ചടങ്ങില്‍ അവര്‍ പങ്കെടുക്കുന്ന വിവരം നേരത്തേ പുറത്തുവിട്ടിരുന്നില്ല. ചലച്ചിത്ര അക്കാദമി ചെയര്‍മാനും മേളയുടെ ഡയറക്ടറുമായ രഞ്ജിത് അതിഥികളെ വേദിയിലേക്ക് ക്ഷണിക്കുമ്പോള്‍ മാത്രമാണ് ഇക്കാര്യം പുറത്തായത്. വെള്ളാപ്പള്ളി നടേശന്‍, കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്‌ളിമ്മീസ് കാതോലിക്കാ ബാവ, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി എന്നിവരും മന്ത്രിമാരും ക്ഷണിക്കപ്പെട്ട അതിഥികളും വിരുന്നില്‍ പങ്കെടുക്കും. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് വിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്.

Similar News