മകളുമായുള്ള ബന്ധം ചോദ്യം ചെയ്തത് ഇഷ്ടപ്പെട്ടില്ല; പാലക്കാട് മംഗലംഡാമില്‍ 47 കാരനെ അയല്‍വാസി കൊടുവാള്‍ കൊണ്ട് വെട്ടിക്കൊന്നു
മംഗലംഡാമില്‍ 47 കാരനെ അയല്‍വാസി കൊടുവാള്‍ കൊണ്ട് വെട്ടിക്കൊന്നു
പാലക്കാട്: മകളുമായുള്ള ബന്ധം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പാലക്കാട് മംഗലംഡാമില്‍ കുടുംബനാഥനെ അയല്‍വാസി വെട്ടിക്കൊന്നു. തളികക്കല്ല് ആദിവാസി ഉന്നതിയിലെ രാജാമണി (47) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ രാഹുലിനെ മംഗലംഡാം പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി ഒമ്പത് മണിയോടെ തളികക്കല്ലിലെ രാജാമണിയുടെ വീടിന് സമീപത്ത് വെച്ചായിരുന്നു കൊലപാതകം. കൊടുവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ രാജാമണിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊലപാതകത്തിന് ശേഷം പ്രതി രാഹുല്‍ കാട്ടിലേക്ക് കടന്നു കളയുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് മംഗലംഡാം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും രാഹുലിനായി തിരച്ചില്‍ ഊര്‍ജിതമാക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ നടത്തിയ തെരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. കൊല്ലപ്പെട്ട രാജാമണിയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പ്രതി രാഹുലിനെ വിശദമായി ചോദ്യം ചെയ്ത ശേഷം നിയമനടപടികള്‍ സ്വീകരിക്കും.