രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ അപമാനിച്ച കേസ്; സന്ദീപ് വാര്യര്‍ക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം

Update: 2025-12-19 07:29 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയായ അതിജീവിതയെ അപമാനിച്ചെന്ന കേസില്‍ കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാരിയര്‍, പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത പുളിക്കന്‍ എന്നിവര്‍ക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. അതിജീവിതയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. ഈ കേസില്‍ റിമാന്‍ഡിലായ ഒന്നാം പ്രതി രാഹുല്‍ ഈശ്വറിന് കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു.

തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അഡീ. ഒന്നാം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍, അതിജീവിതയുടെ പരാതിയനുസരിച്ച് സന്ദീപ് വാര്യരടക്കം ആറ് പേര്‍ക്കെതിരെയാണ് സൈബര്‍ പൊലീസ് കേസെടുത്തത്. മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. കോണ്‍ഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ് രണ്ടാം പ്രതിയും ദീപ ജോസഫ് എന്ന് പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ മൂന്നാം പ്രതിയുമാണ്. സന്ദീപ് വാര്യര്‍ നാലാം പ്രതിയും രാഹുല്‍ ഈശ്വര്‍ അഞ്ചാം പ്രതിയുമാണ്. പാലക്കാട് സ്വദേശിയായ വ്‌ലോഗറാണ് കേസിലെ ആറാം പ്രതി.

അതേ സമയം, ആദ്യ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം. ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി. ജനുവരി ഏഴ് വരെ വിലക്ക് തുടരും. രാഹുലിനെതിരെയുള്ള ആദ്യ ബലാത്സംഗക്കേസിലെ അറസ്റ്റിനുള്ള വിലക്കാണ് ഹൈക്കോടതി നീട്ടിയിരിക്കുന്നത്. രാഹുലിന്റെ ആദ്യ ബലാത്സംഗകേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇന്നലെയാണ് പരിഗണിച്ചത്.

Similar News