നോയിഡയിലെ സോഫ്റ്റ്വെയര്‍ എഞ്ചിനീയറുടെ മരണം; കുഴിയില്‍ വീണ കാര്‍ മൂന്ന് ദിവസത്തിന് ശേഷം പുറത്തെടുത്തു: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തണമെന്ന് യുവാവിന്റെ കുടുംബം
നോയിഡയിലെ സോഫ്റ്റ്വെയര്‍ എഞ്ചിനീയറുടെ മരണം; മൂന്ന് ദിവസത്തിന് ശേഷം കാര്‍പുറത്തെടുത്തു
നോയിഡ: നിര്‍മാണ സൈറ്റിലെ വെള്ളം നിറഞ്ഞ കുഴിയില്‍ വീണു മരിച്ച സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ യുവരാജ് മേത്ത (27) ഓടിച്ചിരുന്ന കാര്‍ പുറത്തെടുത്തു. മൂന്ന് ദിവസത്തിനു ശേഷമാണ് വെള്ളം നിറഞ്ഞ കുഴിയില്‍ നിന്നും കാര്‍ പുറത്തെടുക്കാനായത്്. വെള്ളം നിറഞ്ഞ കുഴിയില്‍ എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തിലുള്ള നീന്തല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലിനൊടുവില്‍ ക്രെയിന്‍ ഉപയോഗിച്ചാണ് കാര്‍ പുറത്തെടുത്തത്.
ഇക്കഴിഞ്ഞ 16-ാം തിയതിയാണ് യുവരാജ് മേത്തയുടെ മരണത്തിന് ഇടയാക്കിയ അപകടം. ഗുരുഗ്രാം ആസ്ഥാനമായുള്ള ഒരു കമ്പനിയില്‍ ജോലി ചെയ്തിരുന്ന യുവരാജ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. മൂടല്‍മഞ്ഞ് നിറഞ്ഞ റോഡില്‍ നിന്ന് തെന്നിമാറിയ കാര്‍, ഭിത്തിയില്‍ ഇടിച്ച ശേഷം നിര്‍മാണത്തിനായി കുഴിച്ച ആഴത്തിലുള്ള കുഴിയിലേക്കു മറിയുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം വൈകിയെന്നും കൂടുതല്‍ വേഗത്തില്‍ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ യുവാവ് രക്ഷപ്പെടുമായിരുന്നുവെന്നും ഡെലിവറി ഏജന്റായ ഒരു സാക്ഷി പറഞ്ഞിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തണമെന്ന് യുവരാജ് മേത്തയുടെ കുടുംബം ആവശ്യമുന്നയിച്ചിട്ടുണ്ട്.