കിടപ്പുരോഗിയായ വയോധികയെ തെരുവുനായ വീട്ടില്‍ കയറി കടിച്ചു കൊന്നു; ഇവരുടെ മാനസികാസ്വാസ്ഥ്യമുള്ള മകനും ഗുരുതര പരിക്ക്: സംഭവം പുറത്തറിയുന്നത് സമീപത്ത് താമസിക്കുന്ന മറ്റൊമകന്‍ ഭക്ഷണവുമായി എത്തുമ്പോള്‍

വയോധികയെ തെരുവുനായ വീട്ടില്‍ കയറി കടിച്ചു കൊന്നു

Update: 2026-03-13 00:48 GMT

തൃശൂര്‍: കിടപ്പുരോഗിയായ വയോധികയെ തെരുവുനായ വീട്ടില്‍ കയറി കടിച്ചു കീറി കൊന്നു. വെള്ളറക്കാട് കൊല്ലന്‍പടിയിലാണ് അതിദാരുണമായ സംഭവം. കിഴക്കേപുരയ്ക്കല്‍ വീട്ടില്‍ കാര്‍ത്ത്യായനിയാണ് (84) കൊല്ലപ്പെട്ടത്. വീടിനകത്തേക്ക് ഓടിക്കയറിയ തെരുവുനായ കട്ടിലില്‍ കിടക്കുക ആയിരുന്ന കാര്‍ത്യായനിയെ ആക്രമിക്കുക ആയിരുന്നു. ഈ സമയം കട്ടിലില്‍ നിന്നും ഒന്ന് അനങ്ങാനോ നായയെ പിടിച്ചു മാറ്റനോ കഴിയാത്ത വിധം അവശയായിരുന്നു ഇവര്‍. ഇവരുടെ മാനസികാസ്വാസ്ഥ്യമുള്ള മകന്‍ ദേവദാസിനും (60) കടിയേറ്റു.

ഗുരുതരമായി പരിക്കേറ്റ ദേവദാസിനെ ആശുപുത്രിയില്‍ പ്രവേശിപ്പിച്ചു. നായയ്ക്ക് പേവിഷബാധയുണ്ടെന്ന് സംശയമുണ്ട്. ഇന്നലെ സന്ധ്യയോടെയാണ് നാടിനെ നടുക്കുന്ന സംഭവമുണ്ടായത്. വീടിനകത്ത് കട്ടിലില്‍ കിടക്കുകയായിരുന്ന കാര്‍ത്യായനിയെ വീടിനകത്തേക്ക് ഓടിക്കയറിയ തെരുവുനായ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. തടയാനെത്തിയതോടെയാണ് ദേവദാസിനെയും അതിമാരകമായി കടിച്ച് പരിക്കേല്‍പ്പിച്ചത്.

രണ്ട് വര്‍ഷം മുന്‍പ് വീണ് കാലിന്റെ എല്ലൊടിഞ്ഞതിനെ തുടര്‍ന്ന് കാര്‍ത്ത്യായനി കിടപ്പിലായിരുന്നു. നായ അതിക്രൂരമായി കടിച്ചു പരുക്കേല്‍പ്പിക്കുമ്പോഴും കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാനോ നായയെ അകറ്റാനോ കഴിയാത്ത വിധത്തില്‍ അവശയായിരുന്നു കാര്‍ത്ത്യായനി. നായ ഇരുവരേയും കടിച്ചു കീറുമ്പോഴും സംഭവം മറ്റാരും അറിഞ്ഞില്ല. വൈകിട്ട് ആറരയോടെ സമീപത്ത് താമസിക്കുന്ന ഇവരുടെ മറ്റൊരു മകന്‍ മണി വൈദ്യര്‍ രാത്രിയിലെ ഭക്ഷണം നല്‍കാനായി വന്നപ്പോഴാണ് നായ കടിച്ചു ചോര വാര്‍ന്ന് മരിച്ചുകിടക്കുന്ന അമ്മയെയും ഗുരുതരാവസ്ഥയില്‍ കിടക്കുന്ന സഹോദരനെയും കണ്ടത്.

Tags:    

Similar News