ഷാനവാസ് പാദൂരിന്റെ നിലപാടിനെയാണ് എതിര്‍ത്തത്; പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു; 'മുനാഫിഖ്' പരാമര്‍ശം തിരുത്തേണ്ട ആവശ്യമില്ലെന്ന് ആയിഷത്ത് ഫര്‍സാന

Update: 2026-04-05 10:51 GMT

കാസര്‍കോട്: എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഷാനവാസ് പാദൂരിനെതിരെയുള്ള പരാമര്‍ശം തിരുത്തേണ്ട ആവശ്യമില്ലെന്നും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും വനിതാ ലീഗ് നേതാവ് ആയിഷത്ത് ഫര്‍സാന പ്രതികരിച്ചു. 'മുനാഫിഖ്' എന്നാണ് ഷാനവാസ് പാദൂരിനെതിരെ മുള്ളേരിയയിലെ യുഡിഎഫ് കുടുംബയോഗത്തില്‍ പ്രസംഗിക്കുന്നതിനിടയില്‍ വനിതാ നേതാവ് പരാമര്‍ശിച്ചത്. മതാടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോഴാണ് ആ പരാമര്‍ശത്തില്‍ തെറ്റുള്ളതെന്നും രാഷ്ട്രീയമായി വിശ്വാസവഞ്ചന എന്നാണ് ഉദ്ദേശിച്ചതെന്നും ഫര്‍സാന പറഞ്ഞു. എതിരാളികളുടെ പോരായ്മകള്‍ പറയുന്നത് സാധാരണമാണ്. അതില്‍ വ്യക്തി അധിക്ഷേപമില്ലെന്നും ഷാനവാസിന്റെ നിലപാടിനെയാണ് എതിര്‍ത്തതെന്നും ഫര്‍സാന പറഞ്ഞു.

എന്നാല്‍ തനിക്കെതിരായ വിദ്വേഷ പ്രചാരണം ജനങ്ങള്‍ തള്ളിക്കളയുമെന്നും അവസാനഘട്ടത്തില്‍ വര്‍ഗീയ കാര്‍ഡ് ഇറക്കുന്നത് മുസ്ലിം ലീഗിന്റെ സ്ഥിരം രീതിയാണെന്നുമായിരുന്നു ഷാനവാസ് പാദൂരിന്റെ പ്രതികരണം. വികസനം പറയാന്‍ ഇല്ലാത്തതുകൊണ്ട് വിദ്വേഷ പ്രചാരണം നടത്തുന്നു. ആദ്യം ഡീല്‍ ആരോപിച്ചു. രക്ഷയില്ലാതെ വന്നതോടെ വര്‍ഗീയ കാര്‍ഡ് ഇറക്കി. മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിലുള്ളവരെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം. വരും ദിവസങ്ങളിലും ഇത്തരം പണികള്‍ ലീഗ് നടത്തും. ഇത്തവണ കാസര്‍കോട്ടുകാരെ കബളിപ്പിക്കാന്‍ കഴിയില്ലെന്നും ഷാനവാസ് പാദൂര്‍ പറഞ്ഞു.

Similar News