സംസ്ഥാനത്ത് കടുത്ത പാചകവാതക ക്ഷാമം; ഉപഭോഗം നിരീക്ഷിക്കാന്‍ നിരീക്ഷണ സമിതി; മുന്‍ഗണന ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കും; ശ്മശാനങ്ങളില്‍ പ്രതിസന്ധി പാടില്ല; കേന്ദ്രത്തോട് വിഹിതം കൂട്ടണമെന്ന് ആവശ്യപ്പെടാനും സര്‍ക്കാര്‍ തീരുമാനം

പാചക വാതക സിലണ്ടറുകളുടെ ക്ഷാമം നേരിടാന്‍ അടിയന്തര നടപടികള്‍

Update: 2026-03-12 17:15 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലണ്ടറുകളുടെ ക്ഷാമം നേരിടാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ക്ഷാമം തടയാന്‍ മുന്‍ഗണന ക്രമം നിശ്ചയിക്കാനും കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘം രൂപീകരിക്കാനും ഉന്നതതലയോഗം തീരുമാനിച്ചു.

വ്യാവസായിക - ഗാര്‍ഹിക ഉപയോഗങ്ങള്‍ക്ക് ആവശ്യമായ പാചക വാതക സിലണ്ടറുകളുടെ ദിനം പ്രതിയുള്ള ഉപഭോഗം, വിതരണം എന്നിവ നിരീക്ഷിക്കാന്‍ സംസ്ഥാന അടിസ്ഥാനത്തില്‍ മോണിറ്ററിംഗ് കമ്മറ്റി രൂപീകരിക്കും. ജില്ലകളില്‍ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതല മോണിറ്ററിംഗ് കമ്മറ്റിയും ഇതിനോട് അനുബന്ധമായി രൂപീകരിക്കും. ഇതിനായി പ്രത്യേകം തയ്യാറാക്കിയ ഡാഷ് ബോര്‍ഡ് ഉപയോഗിച്ചാവും നിരീക്ഷണം നടത്തുക.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ പാചക വാതക കമ്പനി പ്രതിനിധികളുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് പാചക വാതക പ്രതിസന്ധി നേരിടാന്‍ അടിയന്തര നടപടികള്‍ കൈകൊള്ളാന്‍ തീരുമാനിച്ചത്. വ്യവസായിക ഗ്യാസ് സിലണ്ടറുകള്‍ ലഭിക്കാത്തത് മൂലം പ്രതിസന്ധി രൂപപ്പെടുമ്പോള്‍ ഏതൊക്കെ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ഗ്യാസ് സിലണ്ടര്‍ നല്‍കണം എന്നും യോഗം അവലോകനം ചെയ്തു.ആശുപതികള്‍, വൃദ്ധ സദനങ്ങള്‍, അനാഥാലയങ്ങള്‍, സ്‌കൂളുകള്‍, ജനകീയ അടുക്കളകള്‍, ഐ ടി പാര്‍ക്കിലെ ക്യാന്റീനുകള്‍ , ഫാക്ടറികളിലെ ക്യാന്റീനുകള്‍ അടക്കമുള്ളവര്‍ക്ക് മുന്‍ഗണന നിശ്ചയിക്കും. ഇതിന് വേണ്ടി ഒരു മാര്‍ഗ്ഗരേഖ പുറപ്പെടുവിക്കാം എന്ന് വിവിധ പാചക വാതക കമ്പനി പ്രതിനിധികള്‍ ഉറപ്പ് നല്‍കി.

ഇവരെ കൂടാതെ മുന്‍ഗണനാ ക്രമത്തിലേക്ക് മറ്റ് ഏതെല്ലാം വിഭാഗങ്ങളെ ഉള്‍ക്കൊള്ളിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത ശേഷം പാചക വാതക കമ്പനികള്‍ക്ക് പട്ടിക കൈമാറും. ക്ഷാമം മൂലം ശ്മശാനങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുന്ന യാതൊരു സാഹചര്യവും ഉണ്ടാവാന്‍ പാടില്ല എന്ന്മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

മണ്ണെണ്ണ വിതരണം കൂട്ടാന്‍ ഉള്ള നടപടികള്‍ കാര്യക്ഷമമാക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് നടപടി എടുക്കും. ഗാര്‍ഹിക സിലണ്ടറുകള്‍ വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാന്‍ റവന്യു , സിവില്‍ സപ്ലൈസ് , പോലീസ് , പാചക വാതക കമ്പനി പ്രതിനിധികള്‍ ഉള്‍പ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് സംഘം പരിശോധന ശക്തമാക്കും.

നിലവില്‍ സംസ്ഥാനത്തിന് അനുവദിച്ച ഗാര്‍ഹികേതര ഗ്യാസ് സിലണ്ടറുകളുടെ പരിധി 20% ആണ്. അതിഥി തൊഴിലാളികള്‍ അടക്കമുള്ളവര്‍ കൂടുതലായുള്ള സാഹചര്യം പരിഗണിച്ച് സിലണ്ടറുകളുടെ പരിധി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് കേരളം ആവശ്യപ്പെടും. പാചക വാതക പ്രതിസന്ധി സംബന്ധിച്ച് വ്യാജ വാര്‍ത്തകളെ നേരിടാനുള്ള നടപടി സിവില്‍ സപ്ലൈസ് വകുപ്പ് സ്വീകരിക്കും.

സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ , ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, തദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് അടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും ഐ.ഓ.സി.എല്‍ ചീഫ് ജനറല്‍ മാനേജര്‍ ഗീതിക വര്‍മ്മ, ബി പി സി എല്‍ LPG സംസ്ഥാന മേധാവി തര്യന്‍ പീറ്റര്‍ , എച്ച് പി സി എല്‍ റീജ്യണല്‍ മാനേജര്‍ അംസൂര്‍ റഹ്‌മാന്‍ അടക്കമുള്ള പൊതുമേഖലാ എണ്ണ കമ്പനികളുടെ പ്രതിനിധികളുംയോഗത്തില്‍ പങ്കെടുത്തു.

Tags:    

Similar News