ഏലത്തോട്ടത്തിലെ മോഷണം അന്വേഷിക്കാനെത്തിയ പോലീസുകാര്‍ക്ക് കുപ്പി വാങ്ങാനെന്ന പേരില്‍ കൈക്കൂലി; വണ്ടന്‍മേട്ടിലെ പഞ്ചായത്തംഗത്തിന് സ്വന്തം സമുദായത്തിന്റെ പരിപാടിയില്‍ വിലക്ക്

Update: 2026-01-08 07:27 GMT

കട്ടപ്പന: ഏലത്തോട്ടത്തിലെ മോഷണം അന്വേഷിക്കാനെത്തിയ പൊലീസുകാര്‍ക്ക് 'കുപ്പി' വാങ്ങാന്‍ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് അംഗത്തിന് സ്വന്തം സമുദായത്തിലും വിലക്ക്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ സമുദായ അംഗങ്ങളെ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ നിന്നും വിവാദ നായകനായ മെമ്പറെ ഒഴിവാക്കി. ഇദ്ദേഹത്തെ ആദരിക്കുന്നത് സമുദായത്തിന് തന്നെ നാണക്കേടാണെന്ന പൊതുവികാരം കണക്കിലെടുത്താണ് സംഘടനയുടെ ഈ കടുത്ത തീരുമാനം.

കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ വിജയികളായ മറ്റ് ജനപ്രതിനിധികളെല്ലാം ആദരവ് ഏറ്റുവാങ്ങിയപ്പോള്‍, ഈ പഞ്ചായത്ത് അംഗത്തെ മാത്രം പരിപാടിയില്‍ നിന്ന് മാറ്റിനിര്‍ത്തി. അഴിമതി ആരോപണം നേരിടുന്ന ഒരാളെ വേദിയില്‍ ഇരുത്തുന്നത് സംഘടനയുടെ അന്തസ്സിന് ചേര്‍ന്നതല്ലെന്ന് കണ്ടാണ് മാറ്റി നിര്‍ത്തലെന്നാണ് വിവരം.വണ്ടന്‍മേട് മാലി മേഖലയിലെ ഏലത്തോട്ടങ്ങളില്‍ നിന്നു പതിവായി ഏലയ്ക്ക മോഷണം പോകുന്നത് പതിവായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തോട്ടം ഉടമ സ്റ്റേഷനില്‍ വിളിച്ച് പരാതി അറിയിച്ചങ്കിലും അനക്കമുണ്ടായില്ല. തുടര്‍ന്ന് പഞ്ചായത്ത് അംഗത്തോട് പരാതി പറഞ്ഞു.ഇദ്ദേഹം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തി മടങ്ങി.

ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അന്വേഷണത്തിനെത്തിയ പൊലീസുകാര്‍ക്ക് മദ്യസല്‍ക്കാരം ഒരുക്കണമെന്നും അതിനായി പണം വേണമെന്നും ആവശ്യപ്പെട്ടാണ് മെമ്പര്‍ തോട്ടം ഉടമയില്‍ നിന്നും 15,000 രൂപ കൈക്കൂലി വാങ്ങിയത്. ജനപ്രതിനിധി തന്നെ ഇത്തരത്തില്‍ നിയമവിരുദ്ധമായ ആവശ്യത്തിന് പണം വാങ്ങിയത് വലിയ ചര്‍ച്ചയായിരുന്നു.

Tags:    

Similar News