'മാപ്പും പറയില്ല, കോടിയും നല്‍കില്ല; വിധിയെങ്കില്‍ സന്തോഷത്തോടെ ജയിലില്‍ പോകും'; ജമാഅത്തെ ഇസ്ലാമിക്ക് എ.കെ. ബാലന്റെ വെല്ലുവിളി
പാലക്കാട്: ജമാഅത്തെ ഇസ്ലാമിക്കെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറയുന്ന പ്രശ്‌നമില്ലെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കില്ലെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്‍. തനിക്കെതിരെ സംഘടന അയച്ച വക്കീല്‍ നോട്ടീസിന് ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കും. കേസും കോടതിയും തനിക്ക് പുത്തരിയല്ലെന്നും ജയിലില്‍ പോകാനാണ് വിധിയെങ്കില്‍ അത് സന്തോഷപൂര്‍വ്വം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ രാഷ്ട്രീയ ജീവിതത്തിനിടയില്‍ മിച്ചഭൂമി സമരത്തിലും അധ്യാപക സമരത്തിലും പങ്കെടുത്തതിന്റെ പേരില്‍ നിരവധി തവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ഭീഷണികളെ ഭയമില്ല. തനിക്കെതിരെ അയച്ചിട്ടുള്ള നോട്ടീസിലെ കാര്യങ്ങള്‍ വസ്തുതാവിരുദ്ധവും പാര്‍ട്ടിയെ പൊതുസമൂഹത്തിന് മുന്നില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢലക്ഷ്യത്തോടെയുള്ളതുമാണ്. നോട്ടീസ് അയക്കുന്നതിന് മുന്‍പ് ജമാഅത്തെ ഇസ്ലാമി അവരുടെ നയവും ലക്ഷ്യവും വ്യക്തമാക്കണമെന്നും എ.കെ. ബാലന്‍ ആവശ്യപ്പെട്ടു. ഇവര്‍ ഇന്ത്യന്‍ ഭരണഘടനയെയും മതനിരപേക്ഷതയെയും അംഗീകരിക്കുന്നുണ്ടോ അതോ മതരാഷ്ട്രവാദമാണോ ഇവരുടെ ലക്ഷ്യമെന്ന് പൊതുസമൂഹം അറിയണമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പരാമര്‍ശത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തെറ്റായി വ്യാഖ്യാനിച്ച് വിവാദമാക്കുകയായിരുന്നു. ഇതിനുള്ള മറുപടി മുഖ്യമന്ത്രി തന്നെ നേരത്തെ നല്‍കിയിട്ടുണ്ട്. വര്‍ഗീയതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തുക മാത്രമാണ് താന്‍ ചെയ്തത്. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കേരളത്തിലെ ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് ജമാഅത്തെ ഇസ്ലാമിയായിരിക്കുമെന്നും പഴയ മാറാട് കലാപങ്ങള്‍ ആവര്‍ത്തിക്കുമെന്നുമായിരുന്നു ബാലന്റെ വിവാദ പരാമര്‍ശം. ഇതിനെ പിന്തുണച്ച മുഖ്യമന്ത്രി, പഴയ വര്‍ഗീയ കലാപങ്ങള്‍ ഓര്‍മ്മിപ്പിക്കാനാണ് ബാലന്‍ ശ്രമിച്ചതെന്ന് വ്യക്തമാക്കിയിരുന്നു.
പ്രസ്താവന തിരുത്തി മാപ്പ് പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ശിഹാബ് പൂക്കോട്ടൂരാണ് ബാലന് വക്കീല്‍ നോട്ടീസ് അയച്ചത്. ഇതിന് നിയമപരമായി തന്നെ നേരിടുമെന്ന ഉറച്ച നിലപാടിലാണ് എ.കെ. ബാലന്‍.