പൊതുമുതല്‍ നശിപ്പിച്ചാലും റോഡുകള്‍ വികൃതമാക്കിയാലും ശക്തമായ നടപടി; നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമഗ്ര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കമ്മീഷന്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമഗ്ര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കമ്മീഷന്‍

Update: 2026-02-25 18:24 GMT

തിരുവനന്തപുരം: 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് തെറ്റായ പ്രവണതകള്‍ ഒഴിവാക്കുന്നതിനായി സമഗ്രമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍. പൊതുമുതല്‍ നശിപ്പിക്കുന്നതിനും റോഡുകള്‍ വികൃതമാക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

തിരഞ്ഞെടുപ്പ് (പൊതു) വകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം, പ്രചാരണത്തിന്റെ ഭാഗമായി പൊതുവഴികളിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും ചിഹ്നങ്ങള്‍ വരയ്ക്കുന്നതിനും പോസ്റ്ററുകള്‍ പതിപ്പിക്കുന്നതിനും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുണ്ട്. സര്‍ക്കാര്‍ കെട്ടിടങ്ങള്‍, അവയുടെ പരിസരങ്ങള്‍, പാലങ്ങള്‍ തുടങ്ങിയ സിവില്‍ നിര്‍മ്മിതികളില്‍ ചുവരെഴുതുന്നതോ, പോസ്റ്ററുകളും പേപ്പറുകളും പതിപ്പിക്കുന്നതോ, മറ്റേതെങ്കിലും തരത്തില്‍ വികൃതമാക്കുന്നതോ പൂര്‍ണ്ണമായും നിരോധിച്ചു. കട്ടൗട്ടുകള്‍, ഹോര്‍ഡിംഗുകള്‍, ബാനറുകള്‍, കൊടികള്‍ തുടങ്ങിയവ ഇത്തരം ഇടങ്ങളില്‍ സ്ഥാപിക്കുന്നതിനും അനുമതിയില്ല.

റെയില്‍വേ സ്റ്റേഷനുകള്‍, സര്‍ക്കാര്‍ ഡിസ്‌പെന്‍സറികള്‍, ആശുപത്രികള്‍, പോസ്റ്റ് ഓഫീസുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ ഫ്ലൈഓവറുകള്‍, സര്‍ക്കാര്‍ റോഡുകള്‍, സര്‍ക്കാര്‍-പൊതു കെട്ടിടങ്ങള്‍, ബസ്സുകള്‍, ഇലക്ട്രിക്-ടെലിഫോണ്‍ പോസ്റ്റുകള്‍, മുനിസിപ്പല്‍-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ തുടങ്ങി എല്ലാ പൊതുസ്ഥലങ്ങളെയും പൊതുസ്വത്തുക്കളെയും രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ സമയങ്ങളില്‍ റോഡുകളില്‍ ചിഹ്നങ്ങളും അടയാളങ്ങളും വരച്ച് വൃത്തികേടാക്കുന്നത് പൊതുജനങ്ങളുടെ സുഗമമായ യാത്രയ്ക്കും ഗതാഗതത്തിനും വലിയ തടസ്സമുണ്ടാക്കുന്നുവെന്നും ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി കണക്കാക്കുമെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടി.

2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് തികച്ചും മാതൃകാപരമായ രീതിയില്‍ നടത്തുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സംവിധാനങ്ങളുടെയും ഏകോപിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ, രാഷ്ട്രീയ പാര്‍ട്ടികളുടേയും പൊതുജനങ്ങളുടേയും പൂര്‍ണ്ണമായ സഹകരണം അത്യാവശ്യമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ശുദ്ധമായൊരു സമീപനം ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്നു.

Tags:    

Similar News