ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതിഷേധം കത്തുന്നു; യൂത്ത് കോണ്‍ഗ്രസിന്റെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം; കണ്ണീര്‍വാതകവും ജലപീരങ്കിയും; പ്രവര്‍ത്തകരെ തല്ലിച്ചതച്ച് പോലീസ്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിഷേധം കത്തുന്നു. പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചതിന് പിന്നാലെ നിയമസഭയ്ക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ച്. ബാരിക്കേഡ് മറികടക്കാനാണ് പ്രവര്‍ത്തകരുടെ ശ്രമം. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഒ ജെ ജനീഷ്, അബിന്‍ വര്‍ക്കി എന്നിവരുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തുന്നത്. നിരവധി തവണ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. പൊലീസ് വാഹനത്തിന് നേരെ കല്ലേറ് ഉണ്ടായി. പ്രവര്‍ത്തകരോട് പിരിഞ്ഞ് പോകാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിട്ടും പിന്മാറാത്തതിനാല്‍ കണ്ണീര്‍ വാതക പ്രയോഗം നടത്തി. ഇതോടെ പലര്‍ക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി. പലര്‍ക്കും പരിക്കേറ്റു. പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ രണ്ട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്തിമ സമരപോരാട്ടങ്ങളുടെ തുടക്കമാണിതെന്നും നാടിനെ വര്‍ഗീയതയിലേക്ക് നയിക്കുന്ന കാലന്റെ വാക്കുകളാണ് ബാലന്റേതെന്നും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഒ ജെ ജനീഷ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മനസ്സില്‍ ഉദിക്കുന്ന വിഷം മറ്റു നേതാക്കളിലൂടെ പുറത്തുവരുകയാണെന്നും അദ്ദേഹം മാര്‍ച്ചിനിടെ പറഞ്ഞു.