ക്ഷേത്രത്തില്‍ ചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു
കാട്ടാക്കട: ക്ഷേത്രത്തില്‍ ശുചീകരണത്തിനിടെ ഉണങ്ങിയ മരക്കൊമ്പുകള്‍ കൂട്ടിയിട്ട് കത്തിക്കുമ്പോള്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ക്ഷേത്രക്കമ്മിറ്റി അംഗത്തിന് പൊള്ളലേറ്റു. വ്യാഴാഴ്ച രാവിലെ എട്ടോടെ കള്ളിക്കാട് ഭദ്രകാളി ദേവീക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിലെ വെടിപ്പുരക്ക് സമീപമാണ് പൊട്ടിത്തെറി ഉണ്ടായത്.
പരിക്കേറ്റ കള്ളിക്കാട് സ്വദേശി സുരേഷിനെ (58) യാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിപ്പുരയില്‍ നിന്നും മാലിന്യം നീക്കുന്നതിനിടെ ചവറുകളുടെ കൂട്ടത്തില്‍പ്പെട്ടു പോയ സ്‌ഫോടകവസ്തുവാണ് ചവറുകള്‍ കൂട്ടിയിട്ട് കത്തിച്ചപ്പോള്‍ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഇതിനടുത്ത് നിന്ന് പരിസരം വൃത്തിയാക്കുന്നതിനിടെയാണ് സുരേഷിന് നെഞ്ചിലാകെ പൊള്ളലേറ്റത്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷത്തിന് ശേഷമേ പറയാനാകൂവെന്ന് പൊലീസ് പറഞ്ഞു. നെയ്യാര്‍ഡാം പൊലീസ് സ്ഥലത്തെത്തി തെളിവെടുത്തു.