'ജോലി ചെയ്യാന്‍ കഴിയാത്ത വിധം മാനേജര്‍ ബുദ്ധിമുട്ടിക്കുന്നു; കുട്ടികളുടെയും അധ്യാപകരുടെയും മുന്നില്‍ അപമാനിക്കപ്പെട്ടതിന് നീതി കിട്ടണം'; പൊലീസ് കേസെടുത്തു; മാനേജര്‍ പറഞ്ഞിട്ടെന്ന് സെക്യൂരിറ്റി
കൊല്ലം : കൊട്ടാരക്കരയില്‍ ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സംഭവത്തില്‍ പൊലീസ് കേസെടുത്തു. നെടുവത്തൂര്‍ ഈശ്വരവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ശാശാങ്കനെതിരെയാണ് കേസ്. സ്‌കൂള്‍ മാനേജരുടെ നിര്‍ദേശ പ്രകാരമാണ് ജീവനക്കാരന്‍ പ്രവര്‍ത്തിച്ചത്. കുട്ടികളുടെയും അധ്യാപകരുടെയും മുന്നില്‍ അപമാനിക്കപ്പെട്ടതിന് നീതി കിട്ടണമെന്നും നിയപോരാട്ടം തുടരുമെന്നും അധ്യാപികയായ സിന്ധു പറഞ്ഞു.
ഇന്നലെ രാവിലെയാണ് നെടുവത്തൂര്‍ ഈശ്വരവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡ്യൂട്ടിക്കെത്തിയ പ്രധാന അധ്യാപിക സിന്ധുവിനെ സെക്യൂരിറ്റി ജീവനക്കാരന്‍ ഗേറ്റില്‍ തടഞ്ഞത്. എച്ച് എം ചുരിദാര്‍ ഇട്ട് വന്നാല്‍ അകത്തേക്ക് കടത്തിവിടേണ്ട എന്നതാണ് മാനേജരുടെ നിര്‍ദ്ദേശമെന്നായിരുന്നു മറുപടി. ടീച്ചര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ പൊലീസ് എത്തി അകത്ത് കയറ്റി.
അധ്യാപികയുടെ പരാതിയില്‍ കൊട്ടാരക്കര പൊലീസ് സെക്യൂരിറ്റി ജീവനക്കാരനായ ശശാങ്കനെതിരെ കേസെടുത്തു. തടഞ്ഞുവെച്ചതിലൂടെ അധ്യാപികയുടെ അന്തസിന് ഹാനി വരുത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. സ്‌കൂള്‍ മാനേജര്‍ സുരേഷ് കുമാര്‍ അധികാര ദുര്‍വിനിയോഗമാണ് നടത്തുന്നതെന്ന് അധ്യാപിക പറയുന്നു. അധ്യാപികമാര്‍ സാരി തന്നെ ധരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ട്. ജോലി ചെയ്യാന്‍ കഴിയാത്ത വിധം മാനേജര്‍ നിരന്തരം ബുദ്ധിമുട്ടികയാണെന്നും സിന്ധു ആരോപിച്ചു. എന്നാല്‍ അധ്യാപകര്‍ക്ക് ഏത് വസ്ത്രമിട്ടും വരാമെന്നും എച്ച്എമ്മിനെ ചുരിദാറിന്റെ പേരില്‍ തടയാന്‍ പറഞ്ഞിട്ടില്ലെന്നുമാണ് മാനേജരുടെ മറുപടി.