മത്സരിക്കേണ്ട എന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടോ എന്ന് അറിയില്ല; മത്സരിച്ചില്ലെങ്കിലും വിഷമമില്ലെന്ന് എം എം മണി

Update: 2026-03-02 12:49 GMT

തൊടുപുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നില്ലെന്ന വാര്‍ത്തകളോട് പ്രതികരിച്ച് എം എം മണി എംഎല്‍എ. താന്‍ മത്സരിക്കേണ്ട എന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്നും മത്സരിച്ചില്ലെങ്കില്‍ വിഷമമില്ലെന്നും എം എം മണി പ്രതികരിച്ചു.

ഉടുമ്പന്‍ ചോലയില്‍ കെ കെ ജയചന്ദ്രന്‍ ആയിരിക്കും മത്സരിക്കുകയെന്ന് രാവിലെ വാര്‍ത്തകള്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് എംഎം മണിയുടെ പ്രതികരണം. സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്നും എംഎം മണിയുടെ പേര് മാത്രമായിരുന്നു സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയിരുന്നത്. എന്നാല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് എംഎം മണിയെ തഴഞ്ഞുകൊണ്ട് കെ കെ ജയചന്ദ്രനെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയുണ്ടായി എന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നു.

നിങ്ങള്‍ പറയുമ്പോഴാണ് ഇതെല്ലാം താന്‍ അറിയുന്നതെന്നും എല്ലാം പാര്‍ട്ടി തീരുമാനിക്കട്ടെ എന്നും തനിക്ക് ആരോഗ്യപ്രശ്നങ്ങളുള്ള കാര്യം പാര്‍ട്ടിയെ അറിയിച്ചിട്ടില്ലെന്നും എല്ലാവര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ കാണുമല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനി മത്സരിക്കാന്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ വിഷമമില്ലെന്നും അദ്ദേഹം പറഞ്ഞു.

Similar News