പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെച്ചു

Update: 2026-03-02 06:29 GMT

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് ഗള്‍ഫിലെ എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെച്ചു. മാര്‍ച്ച് അഞ്ചിനായിരുന്നു പത്താംക്ലാസ് പരീക്ഷ ആരംഭിക്കാനിരുന്നത്. അഞ്ചാം തിയതിയിലെ എസ്എസ്എല്‍സി പരീക്ഷയും അഞ്ച്, ആറ്, ഏഴ് തിയതികളിലെ പ്ലസ്ടു പരീക്ഷകളുമാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.

കുട്ടികള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ നോക്കും. അപേക്ഷകള്‍ സ്വീകരിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴില്‍ പ്രത്യേക സെല്‍ ആരംഭിച്ചിട്ടുണ്ട്. നേരിട്ടും വിദ്യാഭ്യാസ ഡയറക്ടറുടെ മെയിലിലോ അപേക്ഷ നല്‍കാം. ഗള്‍ഫില്‍ കുടുങ്ങിയ കുട്ടികള്‍ക്കും അവിടുത്തെ കുട്ടികള്‍ക്കും എല്ലാം പരീക്ഷ വീണ്ടും എഴുതാനുള്ള സംവിധാനം ഒരുക്കും. കുട്ടികളും രക്ഷകര്‍ത്തക്കളും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

കേരളത്തിലും ഗള്‍ഫിലും ഒരേ ചോദ്യപേപ്പര്‍ വെച്ചാണ് പരീക്ഷ നടത്താറുള്ളത്. യുദ്ധസാഹചര്യം കണക്കിലെടുത്ത് ബഹ്‌റൈന്‍, ഇറാന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ബോര്‍ഡ് പരീക്ഷകള്‍ ഞായറാഴ്ച മാറ്റിവെച്ചിരുന്നു.

ഇറാനെതിരെ അമേരിക്ക-ഇസ്രയേല്‍ ആക്രമണം തുടരുകയും ഗള്‍ഫ് രാജ്യങ്ങളില്‍ ആശങ്ക നിലനില്‍ക്കുകയും ചെയ്യുന്നതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. ആശങ്ക നിലനില്‍ക്കെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ മാറ്റിവെക്കണമെന്ന് ഗള്‍ഫിലെ കേരളാ പരീക്ഷയുടെ കോര്‍ഡിനേറ്റര്‍ കഴിഞ്ഞദിവസം സര്‍ക്കാരിന് ശുപാര്‍ശനല്‍കിയിരുന്നു.

സാധാരണയായി കേരളത്തിലും ഗള്‍ഫിലും ഒരേ ചോദ്യപേപ്പര്‍ ഉപയോഗിച്ചാണ് പരീക്ഷ നടത്താറുള്ളത്. എന്നാല്‍ ഇത്തവണ കേരളത്തില്‍ പരീക്ഷകള്‍ നിശ്ചയിച്ച തീയതികളില്‍ തന്നെ നടക്കും. ഗള്‍ഫില്‍ മറ്റൊരു സെറ്റ് ചോദ്യപേപ്പര്‍ ഉപയോഗിച്ചു പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

Similar News