അൻപതോളം പഴയ ബാറ്ററികൾ കാണാനില്ല; സിസിടിവി പരിശോധനയിൽ ആളെ കണ്ട് പോലീസിന് വരെ തലവേദന; മോഷണക്കേസിൽ പ്രതി കുടുങ്ങി
കോഴിക്കോട്: കാപ്പ നിയമപ്രകാരം കേസെടുത്തിട്ടുള്ള കുപ്രസിദ്ധ കുറ്റവാളി 'ബാറ്ററി' അനീഷ് എന്ന അനീഷ് (42) കോഴിക്കോട്ട് വീണ്ടും അറസ്റ്റിൽ. പാറോപ്പടിയിലെ ഒരു സ്വകാര്യ ബാറ്ററി കടയിൽ നിന്ന് അൻപതോളം പഴയ ബാറ്ററികൾ മോഷ്ടിച്ച കേസിലാണ് കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡിന്റെയും ചേവായൂർ പോലീസിന്റെയും സംയുക്ത അന്വേഷണത്തിൽ ഇയാൾ പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു മോഷണം നടന്നത്.
കോഴിക്കോട് നെല്ലിക്കോട് പറയരുകണ്ടി സ്വദേശിയാണ് അനീഷ്. പാറോപ്പടിയിലെ ബാറ്ററി കടയിൽ നിന്ന് വൻതോതിൽ ബാറ്ററികൾ നഷ്ടപ്പെട്ടതായി കടയുടമ നൽകിയ പരാതിയെത്തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച പോലീസ് മോഷണം നടത്തിയ ആളെ അനീഷിനെയായി തിരിച്ചറിയുകയായിരുന്നു.
തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. ചേവായൂർ ഇൻസ്‌പെക്ടർ ടി. മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘവും സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ അബ്ദുറഹ്‌മാൻ, ഹാദിൽ കുന്നുമ്മൽ, അനീഷ് മൂസേൻ വീട്, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കാപ്പ നിയമപ്രകാരം കേസെടുത്തിട്ടും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന 'ബാറ്ററി' അനീഷിന്റെ പ്രവൃത്തി മേഖലയിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.