റോഡിൽ വീണുരുണ്ട് നിലവിളി; ഓട്ടോക്കാരൻ 10 ലക്ഷം തട്ടിയെന്ന് പരാതി; ഒടുവിൽ അന്വേഷണത്തിൽ ട്വിസ്റ്റ്; പണം പൊക്കിയത് 60കാരിയുടെ അടുക്കളയിൽ നിന്ന്; ഓമനയമ്മയുടെ നാടകം പൊളിഞ്ഞപ്പോൾ

Update: 2026-03-26 13:10 GMT

തിരുവനന്തപുരം: ട്രഷറിയിൽ അടയ്ക്കാൻ കൊണ്ടുപോയ പത്തുലക്ഷം രൂപ ഓട്ടോ ഡ്രൈവർ തട്ടിയെടുത്തെന്ന ആധാരമെഴുത്ത് ഓഫീസ് ഉടമയുടെ പരാതി ഒടുവിൽ വൻ തട്ടിപ്പുകഥയെന്നു തെളിഞ്ഞു. വലിയകലുങ്ക് സ്വദേശിനി ഓമനയമ്മ (60) പണം തട്ടിയെടുക്കാൻ മെനഞ്ഞ നാടകമാണ് വെള്ളനാട് പൊലീസിനെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയത്. ഇന്നലെ രാവിലെ 11.30-ഓടെ വെള്ളനാട് സൊസൈറ്റി റോഡിന് സമീപമായിരുന്നു നാടകീയ സംഭവങ്ങൾ.

വെള്ളനാട് ട്രഷറിയിലേക്ക് പോകുന്ന വഴി ഓട്ടോ ഡ്രൈവർ തന്നെ തള്ളിയിട്ട് പത്തുലക്ഷം രൂപയുമായി കടന്നുകളഞ്ഞെന്നായിരുന്നു ഓമനയമ്മ നാട്ടുകാരോടും പൊലീസിനോടും നിലവിളിച്ചു പറഞ്ഞത്. റോഡിൽ വീണുരുണ്ട് പരിഭ്രാന്തി പരത്തിയ ഇവരെ പരിക്കേറ്റെന്നുകരുതി പൊലീസ് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പറണ്ടോട് സ്വദേശിയുടെ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് ട്രഷറിയിൽ അടയ്ക്കേണ്ട തുകയായിരുന്നു ഇത്.

സംഭവത്തിൽ ആര്യനാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെയാണ് വഴിത്തിരിവുണ്ടായത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അരിച്ചുപെറുക്കിയെങ്കിലും ഇവർ പറഞ്ഞ ഓട്ടോയോ അക്രമമോ കണ്ടെത്താനായില്ല. ഇതോടെ സംശയം തോന്നിയ പൊലീസ് ഓമനയമ്മയെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതോടെ തട്ടിപ്പിന്റെ ചുരുളഴിഞ്ഞു. പണം കൈക്കലാക്കാൻ താൻ തന്നെ ആസൂത്രണം ചെയ്ത നാടകമായിരുന്നു ഇതെന്ന് ഇവർ സമ്മതിച്ചു.

തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ ആറുലക്ഷം രൂപ ഇവരുടെ വീട്ടിലെ അടുക്കളയിൽ ഒളിപ്പിച്ച നിലയിലും, ബാക്കി തുക ആധാരമെഴുത്ത് ഓഫീസിൽ നിന്നുമായി കണ്ടെടുത്തു. സംഭവത്തിൽ ഓമനയമ്മയ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Tags:    

Similar News