ട്രാന്‍സ്പ്ലാന്റ് മരുന്നുകള്‍ ഇനി ഏറ്റവും വിലക്കുറവില്‍: സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ ആരംഭിച്ചു

Update: 2026-03-10 10:38 GMT

തിരുവനന്തപുരം : സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ മുഖേന അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികള്‍ക്കുള്ള ട്രാന്‍സ്പ്ലാന്റ് മരുന്നുകള്‍ ഏറ്റവും വില കുറവില്‍ ലഭ്യമാക്കുന്നു. തെരഞ്ഞെടുത്ത 14 കാരുണ്യ ഫാര്‍മസികളിലായി പ്രവര്‍ത്തിക്കുന്ന 'കാരുണ്യസ്പര്‍ശം' സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ മുഖാന്തിരമാണ് മരുന്നുകള്‍ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിര്‍വഹിച്ചു. ഹെല്‍ത്ത് ഹബ്, സംയോജിത കാരുണ്യ ഫാര്‍മസി കൗണ്ടര്‍, മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ് ശിലാസ്ഥാപനം തുടങ്ങിയ മെഡിക്കല്‍ കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

ഉയര്‍ന്ന വിലയുള്ള ആന്റി കാന്‍സര്‍ മരുന്നുകള്‍ ഏറ്റവും വിലകുറച്ച് ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നത് ലക്ഷ്യമിട്ടുകൊണ്ട് 'കാരുണ്യസ്പര്‍ശം' എന്ന നൂതന ആശയം കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ കീഴിലുള്ള കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികള്‍ വഴിയാണ് നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ സംസ്ഥാനത്തൊട്ടാകെ 14 കാരുണ്യ ഫാര്‍മസികളില്‍ സീറോ പ്രോഫിറ്റ് ഹൈവാല്യൂ ആന്റി കാന്‍സര്‍ മെഡിസിന്‍ കൗണ്ടറുകള്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് 14 ജില്ലകളിലെ 58 കാരുണ്യ ഫാര്‍മസികളില്‍ കൂടി കാരുണ്യ സ്പര്‍ശം കൗണ്ടറുകള്‍ ആരംഭിച്ചു. എംആര്‍പിയില്‍ നിന്നും വളരെയധികം വിലകുറച്ച് ലാഭം ഒട്ടും എടുക്കാതെയാണ് ഈ കൗണ്ടറുകള്‍ വഴി മരുന്നുകള്‍ നല്‍കുന്നത്.

മെഡിക്കല്‍ കോളേജ് ആശുപത്രി തിരുവനന്തപുരം, ഗവ. വിക്ടോറിയ ആശുപത്രി കൊല്ലം, ജനറല്‍ ആശുപത്രി പത്തനംതിട്ട, മെഡിക്കല്‍ കോളേജ് ആശുപത്രി ആലപ്പുഴ, മെഡിക്കല്‍ കോളേജ് ആശുപത്രി കോട്ടയം, താലൂക്കാശുപത്രി നെടുങ്കണ്ടം, ജനറല്‍ ആശുപത്രി എറണാകുളം, മെഡിക്കല്‍ കോളേജ് ആശുപത്രി തൃശ്ശൂര്‍, ജില്ല ആശുപത്രി പാലക്കാട്, തിരൂര്‍, മെഡിക്കല്‍ കോളേജ് കോഴിക്കോട്, ജില്ലാ ആശുപത്രി മാനന്തവാടി, മെഡിക്കല്‍ കോളേജ് പരിയാരം, ജനറല്‍ ആശുപത്രി കാസര്‍കോട് എന്നിവിടങ്ങളിലെ കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികള്‍ വഴിയാണ് മരുന്നുകള്‍ വിതരണം ചെയ്യുന്നത്.

Similar News