കേന്ദ്ര സംസ്ഥാന ഫണ്ടുകള്‍ യഥാസമയം കമ്പനിക്ക് നല്‍കിയില്ല; 108 ആംബുലന്‍സ് ജീവനക്കാരുടെ ശമ്പളം മുടങ്ങരുത് : മനുഷ്യാവകാശ കമ്മീഷന്‍
തിരുവനന്തപുരം : 108 ആംബുലന്‍സ് ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്.
കേന്ദ്ര സംസ്ഥാന ഫണ്ടുകള്‍ യഥാസമയം കമ്പനിക്ക് നല്‍കാത്തതു കൊണ്ടാണ് ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാന്‍ വൈകിയതെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. അന്തിമമായി രോഗികളുടെ അവകാശമാണ് നിഷേധിക്കപ്പെട്ടത്. ഒരിക്കലും ഇത്തരം സാഹചര്യം ഉണ്ടാകാന്‍ പാടില്ലാത്തതാണ്. അടിയന്തര സാഹചര്യങ്ങളിലാണ് 108 ആംബുലന്‍സിന്റെ സേവനം ജനങ്ങള്‍ ആവശ്യപ്പെടുന്നത്. അതിന്റെ പ്രാധാന്യം മനസിലാക്കി സര്‍ക്കാര്‍ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന് ഉത്തരവില്‍ പറഞ്ഞു.
കനിവ് 108 ആംബുലന്‍സ് പബ്ലിക് യൂട്ടിലിറ്റിയായി പ്രഖ്യാപിക്കാനുള്ള പ്രായോഗികത സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കണമെന്നും ഉത്തരവില്‍ പറഞ്ഞു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. 108 ആംബുലന്‍സ് ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാന്‍ വൈകിയതു കാരണം ജീവനക്കാരില്‍ ഒരു വിഭാഗം സേവനം നിര്‍ത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
2024 ജൂലൈ 27 വരെ കേന്ദ്ര സംസ്ഥാന ഫണ്ടുകള്‍ 108 ആംബുലന്‍സ് നടത്തുന്നതിന് കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന് ലഭിച്ചില്ലെന്ന് ഉത്തരവില്‍ പറഞ്ഞു. സര്‍ക്കാര്‍ സഹായം ലഭിക്കാത്തതിനാല്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ 75.50 കോടി നടത്തിപ്പ് കമ്പനിക്ക് നല്‍കാനുണ്ടായിരുന്നു. ഇത് ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങാനും ജീവനക്കാരില്‍ നിന്നും നിസഹകരണമുണ്ടാകാനും കാരണമായി.
കനിവ് 108 ആംബുലന്‍സ് സര്‍വ്വീസ് പബ്ലിക് യൂട്ടിലിറ്റിയായി പ്രഖ്യാപിച്ച് എസ്മ നിയമത്തിന് കീഴില്‍ കൊണ്ടുവരണമെന്ന ആവശ്യത്തിന്റെ പ്രായോഗികതയും നയപരമായ തീരുമാനവും സര്‍ക്കാരാണ് പരിഗണിക്കേണ്ടതെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. അനീഷ് മണിയന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.