ചെക്ക് പോസ്റ്റില്‍ ബാഗ് തുറന്ന എക്‌സൈസ് ഞെട്ടി; കെട്ടുകളായി 62 ലക്ഷം; തമിഴ്‌നാട് സ്വദേശി പിടിയില്‍; തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേരളത്തില്‍ 'കുഴല്‍പ്പണം' ഒഴുകുന്നു
മലപ്പുറം: തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലേക്ക് കള്ളപ്പണം ഒഴുകുന്നോ? വഴിക്കടവ് ആനമറി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ രേഖകളില്ലാതെ കടത്തിയ 62,67,800 രൂപയുമായി തമിഴ്നാട് സ്വദേശി പിടിയിലായതോടെ മലപ്പുറം ജില്ലയില്‍ പരിശോധന കര്‍ശനമാക്കി. കോയമ്പത്തൂര്‍ സല്‍വപുരം സ്വദേശി നാഗരാജ് (39) ആണ് എക്‌സൈസിന്റെ വലയിലായത്. ശനിയാഴ്ച രാവിലെ ഗുഡല്ലൂര്‍ - പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സി ബസില്‍ രാജകീയമായി കടത്താന്‍ ശ്രമിച്ച പണമാണ് ഉദ്യോഗസ്ഥര്‍ പൊക്കിയത്.
തിരഞ്ഞെടുപ്പ് പ്രമാണിച്ച് എക്‌സൈസ് നടത്തുന്ന സ്‌പെഷ്യല്‍ ഡ്രൈവിനിടെയാണ് നാഗരാജ് പിടിയിലാവുന്നത്. ബസില്‍ പരിശോധനയ്ക്കായി എക്‌സൈസ് സംഘം കയറിയപ്പോള്‍ നാഗരാജ് കാണിച്ച അമിതമായ പരിഭ്രാന്തിയാണ് ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ടാക്കിയത്. തുടര്‍ന്ന് ഇയാളുടെ ബാഗ് വിശദമായി പരിശോധിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ പോലും അമ്പരന്നു പോയി. 500 രൂപയുടെ 125 കെട്ടുകളും 200 രൂപയുടെ നോട്ടുകളുമായിരുന്നു ബാഗ് നിറയെ.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുധി കെ. സത്യബാലന്‍, പ്രിവന്റീവ് ഓഫീസര്‍ പി.പി. പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പണം പിടികൂടിയത്. ഇത്രയും വലിയ തുക എവിടെ നിന്ന് വന്നു എന്നും ആര്‍ക്ക് വേണ്ടിയാണ് എത്തിച്ചതെന്നും വ്യക്തമായിട്ടില്ല. പ്രതിയെയും പിടിച്ചെടുത്ത പണത്തെയും കൂടുതല്‍ അന്വേഷണത്തിനായി എന്‍ഫോഴ്‌സ്‌മെന്റിന് (ഋഉ) കൈമാറാനാണ് എക്‌സൈസ് തീരുമാനം. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ കുഴല്‍പ്പണ സംഘങ്ങള്‍ സജീവമാണെന്ന സൂചനയെത്തുടര്‍ന്ന് അതിര്‍ത്തികളില്‍ പരിശോധന ഇനിയും കടുപ്പിക്കും.