സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അപകടകാരണം കണ്ടെത്താനുള്ള ശ്രമത്തില്‍ പോലീസ്; കൊയിലാണ്ടിയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; ദുരൂഹത സംശയിച്ച് നാട്ടുകാര്‍
കോഴിക്കോട്: കൊയിലാണ്ടിയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ നന്ദകിഷോര്‍ (22), അഭിയാന്‍ (19), അഭിനവ് (19) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെ കൊയിലാണ്ടി കുറുവങ്ങാട് വെച്ചായിരുന്നു അപകടം. മൂവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിക്കുകയും തുടര്‍ന്ന് സമീപത്തെ ഓടയിലേക്ക് മറിയുകയുമായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടതായാണ് വിവരം.
അപകടത്തില്‍ ദുരൂഹതയുണ്ടെന്ന സംശയവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. സ്‌കൂട്ടറിന്റെ പിന്‍ഭാഗം തകര്‍ന്ന നിലയില്‍ കണ്ടെത്തിയതാണ് മറ്റൊരു വാഹനം പിന്നിലിടിച്ചതാണോ എന്ന സംശയത്തിന് ഇടനല്‍കുന്നത്. എന്നാല്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മരിച്ച നന്ദകിഷോര്‍ കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും, അഭിയാന്‍ കായംകുളം സ്വദേശിയും, അഭിനവ് പാലക്കാട് അലനല്ലൂര്‍ സ്വദേശിയുമാണ്.
മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അപകടകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.